നമുക്കറിയാവുന്ന വൈവിധ്യമാർന്ന വന്യജീവികളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സസ്തനിയാണ് മരനായ (Nilgiri Marten). ശാസ്ത്രീയമായി Martes gwatkinsi എന്നറിയപ്പെടുന്ന മരനായ, ദക്ഷിണേന്ത്യയിൽ കണ്ടുവരുന്ന ഏക മാർട്ടൻ ഇനമാണ്. ഇന്ത്യയിലേത് മാത്രമല്ല,ആഗോളതലത്തിലും അപൂർവമായി മാത്രം കാണപ്പെടുന്ന ജീവികൾ എന്നതിനാൽ തന്നെ ഇതിനെക്കുറിച്ചുള്ള പഠനം വളരെ പരിമിതമാണ്.
മരനായയെ നീലഗിരിയിലെ സ്വന്തം ജീവി എന്നാണ് വിളിക്കാറുള്ളത്. ഇവയെ പ്രധാനമായും കാണാൻ കഴിയുന്നത് പശ്ചിമഘട്ടത്തിലെ എവർഗ്രീൻ (നിത്യഹരിത) കാടുകളിൽ ആണ്. കർണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

പതിനായിരം അടി വരെ ഉയരമുള്ള മലഞ്ചെരിവുകളും കാപ്പിത്തോട്ടങ്ങളും ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ഇരവികുളം ദേശീയോദ്യാനം, സൈലൻറ് വാലി ദേശീയോദ്യാനം, പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രം, രാജമല എന്നിവിടങ്ങളിൽ മരനായയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയെ നേരിട്ട് കാണാൻ സാധിക്കുന്നത് വളരെ അപൂർവമാണ്.
മരനായയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ വൈവിദ്ധ്യമാർന്ന നിറമാണ് .കഴുത്ത് ഭാഗത്ത് മഞ്ഞയോ ഓറഞ്ച് നിറമോ കാണാം.ശരീരത്തിന് കടും തവിട്ടുനിറമാണ്.വാലിന് മാത്രം 40-50 സെന്റീമീറ്റർ നീളമുണ്ടാകാറുണ്ട്. തല മുതൽ വാൽവരെയും ഇവയ്ക്ക് ഒരു മീറ്റർ നീളമുണ്ട്. ശരീരഭാരം 2-3 കിലോഗ്രാം വരെ ആണ്.

പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന മറ്റൊരു വന്യജീവിയായ മലയണ്ണാനുമായി ഇളം സാമ്യമുള്ളതിനാൽ പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. ഇവയുടെ പ്രധാന ആഹാരം: ചെറു സസ്തനികൾ,പക്ഷികൾ ,പഴങ്ങൾ, കായ്കൾ എന്നിവയാണ്.മരങ്ങളിലൂടെയും വനമേഖലയിലൂടെയും വളരെ വേഗത്തിൽ ചാടിച്ചാടി സഞ്ചരിക്കുന്ന ഇവയെ കാണാൻ മനോഹരമാണ്.. വേട്ടയാടൽ വിദഗ്ദ്ധരായ ഇവ ചിലപ്പോഴൊക്കെ നിലത്ത് ഇറങ്ങി നടക്കാറും ഭക്ഷണം തേടാറും ഉണ്ട്.
പശ്ചിമഘട്ടത്തിലെ ജീവവിഭവ സമ്പത്ത് നഷ്ടപ്പെടുന്നത് മരനായയുടെ വംശനാശ ഭീഷണിയിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രധാന കാരണമാണ്.പശ്ചിമഘട്ടത്തിലെ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ ജീവികളെയും പോലെ, മരനായയുടെ സംരക്ഷണവും അത്യാവശ്യമാണ്.

പശ്ചിമഘട്ടത്തിന്റെ പ്രകൃതിസമ്പത്തിന്റെ ഭാഗമായ ഈ അപൂർവ ജീവിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വന്യജീവി ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും കൂടാതെ സാധാരണ ജനങ്ങളും ഇത്തരം അപൂർവ മൃഗങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞ് അവയെ സംരക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്.