മസ്റ്റ് വാച്ച് സിനിമകളിൽ ഇത്തവണ ഒരു ജാപ്പനീസ് സിനിമ പരിചയപ്പെടാം..
ഹിരോക്കോസു കൊറേ ദ എന്ന പ്രശസ്ത ജാപ്പനീസ് സംവിധായകന്റെ 2018 പുറത്തിറങ്ങിയ ചിത്രമാണ് ഷോപ്പ് ലിഫ്റ്റേഴ്സ് .

പേരുപോലെതന്നെ കടകളിൽ നിന്നും മോഷണം നടത്തുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതകഥ.
ടോക്കിയോ നഗരത്തിൽ ചെറിയൊരു കുടിലിൽ താമസിക്കുന്ന അഞ്ചുപേരുടെ ജീവിതവും സാഹചര്യങ്ങളും ആണ് സിനിമ..
സൂപ്പർമാർക്കറ്റിൽ നടക്കുന്ന ഒരു മോഷണത്തിൽ തുടങ്ങുന്ന സിനിമ ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും പ്രേക്ഷകർക്ക് മുൻപിലേക്ക് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.. ഒരു ദിവസത്തെ മോഷണത്തിനിടെ അവർ പിടിക്കപ്പെടുകയും അതിനുശേഷം നടക്കുന്ന അന്വേഷണത്തിലൂടെയും സംഭവവികാസങ്ങളിലൂടെയും ചുരുളഴിയുന്ന രഹസ്യങ്ങളാണ് ഷോപ്പ് ലിഫ്റ്റേഴ്സ് എന്ന ഈ സിനിമ പറയുന്നത്..
അനാഥരായി ജനിക്കുന്നവരെയും, അനാഥരാക്കപ്പെടുന്നവരെയും, സമൂഹം ഒറ്റപ്പെടുത്തുന്നവരെയും, എങ്ങനെയൊക്കെയാണ് ദാരിദ്ര്യം പിടികൂടുന്നതെന്നും, ജീവിതത്തിൽ ചേർത്തിരിക്കാൻ രക്തബന്ധത്തിന് മാത്രമല്ല ആത്മബന്ധത്തിനാകും എന്നും കൂടി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.
സിനിമ ഒരു ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ കുടുംബത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയിപ്പിക്കുന്ന രഹസ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുന്നു.

കുടുംബങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന മനുഷ്യത്വത്തെയും മനുഷ്യപ്പറ്റിനെയും ഓർമ്മിപ്പിച്ച സിനിമ കൂടിയാണിത്.
പാം ദി ഓർ അടക്കം അനവധി ദേശീയ അന്തർദേശീയ അവാർഡുകളും ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.2018 ലെ IFFK യിൽ മലയാളികൾ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു ഷോപ്പ് ലിഫ്റ്റേഴ്സ്.