Cinemapranthan

‘കവര്’ എന്ന പ്രകൃതി അത്ഭുതം

null

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ പുറകെ മലയാളികൾ ഏറ്റെടുത്ത ഒന്നായിരുന്നു ‘കവര്’ എന്ന പ്രകൃതി അത്ഭുതം. കായലിന്റെ ഇരുണ്ട വാസ്തവങ്ങളിൽ ഇടവിട്ടു തെളിയുന്ന നീല വെളിച്ചം… ഒരു തരത്തിലുള്ള മാജിക്ക് തന്നെയാണ്, അല്ലേ?

പക്ഷേ, ഈ മാജിക്കിന് ഒരു ശാസ്ത്രീയമായ വിശദീകരണമുണ്ട്. ‘കവര്’ എന്നത് യഥാർത്ഥത്തിൽ ബയോലൂമിനസെന്‍സ് എന്ന പ്രകൃതി പ്രതിഭാസമാണ്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണ് ഇവയെ തണുത്ത വെളിച്ചമെന്ന് വിശേഷിപ്പിക്കുന്നത്.. 

ചില പ്രത്യേകതരം ബാക്ടീരിയ, ആൽഗ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ തങ്ങളുടെ ജീവചക്രത്തിന്റെ ഭാഗമായും ശത്രുക്കളിൽ നിന്ന് രക്ഷപെടാനായും പ്രകാശം പുറപ്പെടുവിക്കുന്നു. അതിനാലാണ് നമ്മൾ കായലുകളിൽ അത്ഭുതം പോലെ ഈ നീല വെളിച്ചം കാണുന്നതും കൗതുകം കൊള്ളുന്നതും.

കുമ്പളങ്ങി കായലുകളിൽ കണ്ട കവര് മാത്രം അല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കായലുകളിലും, ചില കടലോര പ്രദേശങ്ങളിലും ഈ പ്രകാശ പ്രതിഭാസം ഉണ്ടാകാറുണ്ട്.. എന്നാൽ ഇത് കാണാൻ ഉചിതമായ സീസൺ വേണം.

നമുക്ക് ഈ പ്രകാശം കാണുമ്പോൾ അതിന്റെ അദ്വിതീയ ഭംഗിയിലേക്കാണ് കണ്ണ് പോകുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ട്. കവര് പരിസ്ഥിതിയിലുള്ള മാറ്റങ്ങൾ അറിയിക്കുന്ന ഒരു സൂചന കൂടിയാണ്. ജലത്തിലെ ഉപ്പിൻ്റെ അളവ്, മലിനീകരണം, താപനില എന്നിവയുടെ വ്യത്യാസങ്ങൾ ഇതിന് സ്വാധീനമേൽപ്പിക്കാം.

ഇനി ചിന്തിക്കൂ… രാത്രിയിലൊരു ഹൗസ്‌ബോട്ട് സവാരി, ചുറ്റും ആഴം പിടിച്ച ഇരുട്ട്, അകലെയൊരു മത്സ്യബന്ധന വള്ളം മാത്രം. അപ്പോൾ വെള്ളത്തിൽ നിമിഷത്തിനിടെ തെളിയുന്ന നീലപ്രകാശം! അത്തരമൊരു കാഴ്ച നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അവയെ പ്രാന്തനോടു കൂടി പങ്കുവയ്ക്കണേ… എന്തായാലും കവര് സീസൺ വരുന്നു.

cp-webdesk

null