മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖർ. വിദ്യ ബാലൻ, അനുരാഗ് കശ്യപ്, കരീന കപൂർ, സോനം കപൂർ സ്വര ഭാസ്കർ തുടങ്ങിയവരാണ് റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റിയ എൻ.സി.ബി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ ധരിച്ചിരുന്ന ടി ഷർട്ടിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് സിനിമാ ലോകം പിന്തുണ അറിയിച്ചത്. പുരുഷാധിപത്യത്തിനെതിരേയുള്ള സന്ദേശം ആണ് റിയയുടെ ടി ഷർട്ടിൽ ഉണ്ടായിരുന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള റിയയെ സിനിമാപ്രവർത്തകർ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകരുതെന്നും, സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും റിയയ്ക്ക് നീതി ലഭിക്കണമെന്നുമാണ് രണ്ടു വിഭാഗത്തിലായി പ്രതികരണങ്ങൾ ഉയരുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരൻ വഴിയാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു റിയ ആദ്യം നൽകിയ മൊഴി. എന്നാൽ വീണ്ടും സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ റിയ എല്ലാം തുറന്നു പറയുകയായിരുന്നു. കഞ്ചാവിന് പുറമെ അതിമാരക ലഹരിമരുന്നുകളും താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽവെച്ചും പല പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊട്ടിക്കരഞ്ഞു കൊണ്ട് റിയ തുറന്നു പറഞ്ഞെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്ന സമയത്ത് റിയ ഇതെല്ലം നിഷേധിച്ചിരുന്നു. എന്നാൽ വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ എല്ലാം പുറത്താവുകയാരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് റിയയുടെ അറസ്റ്റ് എൻ.സി.ബി. രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട റിയയെ സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.




