കരിയറിലെ വൻ ഹിറ്റായി മാറിയ ചിത്രം രജനീകാന്തിന് സമ്മാനിച്ചത് കോടികളാണ്.. ‘ജയിലർ’ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 600 കോടിയോളം രൂപയാണ് വാരിയത്. ഇപ്പോഴിതാ കോടികൾ വാരിയ നേട്ടത്തിന്റെ ഭാഗമായി രജനീകാന്തിന് സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരൻ ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനമായി നൽകിയിരിക്കുകയാണ്. ഒന്നേകാല്‍ കോടിക്ക് അടുത്താണ് ഈ കാറിന്റെ വില. സണ്‍ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. കാർ സമ്മാനിക്കുന്നതിന്റെ വീഡിയോ ഇവർ പങ്ക് വെച്ചിട്ടുണ്ട്.
അതെ സമയം നേരത്തെ കോടികൾ വാരിക്കൂട്ടിയ ചിത്രത്തിന്റെ ലാഭവിഹിതമായി കഴിഞ്ഞ ദിവസം കലാനിധി മാരൻ ഒരു ചെക്ക് രജനീകാന്തിന് കൈമാറിയിരുന്നു. 100 കോടിയുടെ ചെക്ക് ആണ് നൽകിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ‘ജയിലർ’ ചിത്രത്തിന്റെ പ്രതിഫലമായി രജനിക്ക് 110 കോടിയാണ് ലഭിച്ചത്. അതിനു പുറമെയാണ്, ചിത്രം വിജയമായതോടെ 100 കോടി നിർമ്മാതാക്കൾ നൽകിയത്. ഇതോടെ 210 കോടി രൂപ ലഭിച്ച രജനികാന്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറുകയും ചെയ്തു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ കേരളത്തിലടക്കം വൻ കളക്ഷനുകൾ നേടി ഹിറ്റ് തരംഗമായി മാറുകയായിരുന്നു. വൻ വിജയമാണ് ചിത്രം നേടിയത്.