പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’. പ്രഖ്യാപനം മുതൽ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷനുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
” ലിജോ എന്താണെന്ന് നമ്മള് പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മള് എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിജോയ്ക്കും ഷിജുവിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്”, എന്നാണ് മോഹൻലാൽ പറഞ്ഞത്.
മോഹൻലാലിന്റേയും ലിജോ ജോസ് പെല്ലിശേരിയുടെയും ആരാധകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ലിജോന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും ‘മലൈക്കോട്ടൈ വാലിബൻ’. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.