Cinemapranthan

‘മുസ്ലിം സ്ത്രീകൾക്ക് മാത്രമേ വിവേചനം ഉള്ളൂ ? ‘മുസ്ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ട്’; ഷുക്കൂർ വക്കീൽ

കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.?

null

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന നടി നിഖില വിമലിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂരുകാരിയായ നിഖില വിമൽ, ‘അയൽവാശി’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും അഡ്വക്കേറ്റുമായ ഷുക്കൂർ വക്കീൽ. ‘മുസ്ലിം സ്ത്രീകൾക്ക് മാത്രമേ വിവേചനം ഉള്ളൂ ? ‘മുസ്ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ട്’ എന്നായിരുന്നു ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

“മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ?
(സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ )
മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്,
പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം.
കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.?
നിഖില 💕” ഷുക്കൂർ വക്കീൽ കുറിച്ചു.

വിവാഹ ഓർമ്മകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നിഖില നൽകിയ മറുപടിയാണ് വൈറലായത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’, എന്നാണ് നിഖില അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വൈറലായതിനു പിന്നാലെയാണ് ഷുക്കൂർ വക്കീൽ കുറിപ്പ് പങ്ക് വെച്ചത്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഷുക്കൂർ വക്കീൽ, 28-ാം വിവാഹ വാർഷിക ദിനം കൂടിയായ ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കി, ഭാര്യയും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയുമായി പുനര്‍വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്.

cp-webdesk

null