മാധുരി ദീക്ഷിതിനും ഐശ്വര്യ റായിക്കുമെതിരെ സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് ‘ദി ബിഗ് ബാങ് തിയറി’ നിർത്തലാക്കാൻ ആവിശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിന് നോട്ടീസ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുൻ വിജയകുമാറാണ് നെറ്റ്ഫ്ലിക്സിനെതിരെ നിയമ നോട്ടീസ് അയച്ചത്. നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബാങ് തിയറി എന്ന എന്ന പരിപാടിയിൽ സ്ത്രീവിരുദ്ധതയും ലൈംഗിക ചുവയുള്ള പരാമർശവും പ്രചരിപ്പിക്കുന്നുവെന്നാണ് മിഥുൻ ആരോപിക്കുന്നത്.
പരിപാടിയുടെ രണ്ടാം ഭാഗത്തിൽ മാധുരി ദീക്ഷിതിനെയും ഐശ്വര്യ റായിയെയും താരതമ്യം ചെയ്യുന്ന ഷെൽഡൻ കൂപ്പർ എന്ന കഥാപാത്രം ‘മാധുരി ദീക്ഷിതിനെ പാവപ്പെട്ടവരുടെ ഐശ്വര്യ റായ്’ എന്നും, അതിന് മറുപടിയായി കുനല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഐശ്വര്യ റായിയെ ദേവതയെന്നും മാധുരി ദീക്ഷിതിനെ കുഷ്ടം പിടിച്ച വ്യഭിചാരിയായ സ്ത്രീ എന്നുമാണ് പറയുന്നത്. ഇത് ഭയങ്കരമായ സ്ത്രീവിരുദ്ധതയാണ് പറയുന്നതെന്നും ഏറെ വേദനിപ്പിക്കുന്ന ഒന്നാണെന്നും മിഥുൻ വിജയകുമാർ പറഞ്ഞു.
”നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങള്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതും മൂല്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഇത്തരം പരിപാടികൾ സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ഇവ സംപ്രേക്ഷണം ചെയ്യുന്നവര്‍ക്ക് ഇതില്‍ പൂര്‍ണ്ണമായും ഉത്തരവാദിത്വം ഉണ്ടെന്നും പറഞ്ഞ മിഥുൻ, ഓരോ കണ്ടന്റുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും കൃത്യമായ സ്ക്രീനിങ് നടത്തേണ്ടതാണ് എന്നും പറഞ്ഞു. ‘ദി ബിഗ് ബാങ് തിയറി’ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി വെക്കാൻ നടപടി വേഗത്തിലാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മിഥുൻ പറഞ്ഞു.