പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം മലയാളി പ്രേക്ഷകർക്ക് ഞെട്ടലും ഒപ്പം നൊമ്പരവുമായിരിക്കുകയാണ്. രസകരമായ അവതരണത്തിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയ സുബിയുടെ മരണവിവരം അറിയിച്ചു കൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്ക് വേദനയാവുന്നത്.
”ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’. പേജിന്റെ അഡ്മിൻ ആണ് സുബിയുടെ വിയോഗം അറിയിച്ചു കൊണ്ട് കുറിപ്പ് പങ്ക് വെച്ചത്. നിരവധി പേർ പോസ്റ്റിന് താഴെ ആദരാഞ്ജലികൾ അറിയിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് അന്തരിച്ചത്.
41 വയസ്സുകാരിയായ സുബി സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് രാജസേനൻ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ വേഷമിട്ട സുബി സ്വാഭാവികമായ നർമ്മ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.