പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സംവിധായക അരങ്ങേറ്റമായ ‘ആര്‍ക്കറിയാം’ ഒട്ടേറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ബിജു മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ മാസം തിയേറ്ററിൽ എത്തിയിരുന്നു. ആമസോണ്‍ പ്രൈമും നീസ്ട്രീനും ഉള്‍പ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഇപ്പോൾ പ്രദർശനം തുടരുകയാണ്.ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ബിജു മേനോന്റെ പ്രകടനത്തെയും , സിനിമയെയെയും അഭിനന്ദിച്ചത്.
സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
റിലീസ് ചെയ്‍ത സമയത്ത് കാണാൻ പറ്റാതെ പോയ സിനിമയാണ് ‘ആർക്കറിയാം’. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണം നിർവ്വഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകൻ സാനുവിന്‍റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് ‘ആർക്കറിയാം’. ഒരു കൊച്ചു കഥയെ ആർഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു (ഒട്ടും ‘ജാഡ’യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്). ഷറഫുദ്ദീനും പാർവ്വതിയും ഇടയ്ക്ക് വന്നു പോകുന്ന ‘ഭാസി’ എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോൻ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ. ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്. ഊണു കഴിക്കുമ്പോൾ ആ ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലുമുണ്ട് ഒരു നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സിൽ നിന്ന് പെട്ടെന്ന് മായില്ല. സാനുവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ. ദൃശ്യങ്ങൾ മാറുന്നത് ഒരിക്കൽ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്നേഹം.