മോഹൻലാലിൻറെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു ദൃശ്യം. ഒടിടി റിലീസായി എത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും ആലോചനയിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇതിനു മുൻപ് മറ്റൊരു ചിത്രവുമായി ഈ ടീം വീണ്ടും എത്തുകയാണ്. ഈ പ്രോജക്ട് ദൃശ്യം 3 ആയിരിക്കില്ലെന്ന് പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മനോരമ ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദൃശ്യം 2 സിനിമയുടെ സമയത്തു തന്നെ േവറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം ചെയ്യാമെന്ന് സമ്മതിച്ച ചിത്രമായിരുന്നു ദൃശ്യം 2. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ജീത്തുവുമായി ചർച്ചയിലാണ്. അന്ന് സംസാരിച്ച കഥയിലേയ്ക്കു തന്നെ വീണ്ടും വന്നിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.’–ആന്റണി പറഞ്ഞു. മോഹന്‍ലാലിന്റെ 61 -ാം ജന്മദിനത്തിനോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ജീത്തു ജോസഫ് – മോഹന്‍ലാല്‍ ടീമിന്റെ റാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾ മാറിയാലേ ഈ ചിത്രവുമായി മുന്നോട്ട് പോകാനാകു എന്ന് സംവിധായകൻ നേരെത്തെ പറഞ്ഞിരുന്നു. നിലവിൽ മോഹൻലാൽ സംവിധായകനും നായകനുമായ ബറോസിന്റെ കോവിഡ് ഇടവേളയിൽ ചെന്നൈയിലാണ് താരം.