ട്വിറ്റർ നിയമങ്ങൾ തെറ്റിച്ചു വിദ്വേഷപരമായ ട്വീറ്റുകൾ നടത്തിയതിനെ തുടർന്ന് ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതിൽ പ്രതികരണവുമായി നടി കങ്കണ. തനിക്കു അഭിപ്രായങ്ങൾ പറയാനും ശബ്ദമുയർത്താനും വേറെയും മാധ്യമങ്ങൾ ഉണ്ടെന്നാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. എ എൻ ഐയോട് കങ്കണ പ്രതികരിച്ചിരിക്കുന്നത്.
“അവർ അമേരിക്കക്കാരാണെന്ന് ട്വിറ്റർ തെളിയിച്ചിരിക്കുകയാണ്, തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കാൻ അഗ്രഹിക്കുന്നത് വെള്ളക്കാരിൽ ജന്മനാ ഉള്ള കാര്യമാണ്, നമ്മൾ എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും പ്രവൃത്തിക്കണമെന്നും അവർ നമ്മളോട് പറയുന്നു. എന്റെ ശബ്ദം ഉയർത്താൻ എനിക്ക് വേറെയും വേദികളുണ്ട്, എന്റെ സ്വന്തം കലാമേഖലയായ സിനിമ ഉൾപ്പെടെ. പക്ഷേ, ആയിരക്കണക്കിനു വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാവുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്ത ഈ രാജ്യത്തെ ജനതയെ കുറിച്ച് ഞാനോർക്കുന്നു, ഇപ്പോഴും അവരുടെ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല.” കങ്കണ പറഞ്ഞു.
അതെ സമയം, ” സമൂഹത്തിൽ ഉപദ്രവമുണ്ടാകാൻ സാധ്യതയുള്ള പെരുമാറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും വിദ്വേഷം പടർത്തുകയും ട്വിറ്റർ നിയമങ്ങൾ പലയാവർത്തി ലംഘിക്കുകയും ചെയ്ത അക്കൗണ്ട് ഞങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്,” എന്നാണ് ട്വിറ്റർ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ബംഗാളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടും, മമത ബാനർജിയുടെ വിജയത്തെ കുറിച്ചുമെല്ലാം കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ട്വീറ്റുകൾ കങ്കണ പങ്ക് വെച്ചിരുന്നു. “ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ”, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.”
ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്തതിനാണ് ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. ഇതിനു മുൻപും ട്വിറ്റർ കങ്കണയെ വിലക്കുകയും മണിക്കൂറുകളോളം അക്കൗണ്ട് പിൻവലിക്കുകയും ചെയ്തിരുന്നു. ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചെത്തിയിരുന്നു.