നടൻ ആദിത്യനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും ആണ് കേസ്. ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച ആദിത്യൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആദിത്യനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് രാവിലെ അമ്പിളി ദേവി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
“ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും ആയിരുന്നു അമ്പിളി ദേവി പറഞ്ഞത്. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.
വിവാഹത്തിനു ശേഷം താൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോൾ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി പറഞ്ഞു.
വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ മുന്നോട്ടെങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തന്നെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കു മറുപടിയില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞാൽ ചിലർക്ക് അതൊന്നും വിശ്വാസം വരില്ല. ഇൗ ബന്ധം അബദ്ധമമായി എന്നു തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെപ്പറ്റിയും ലിവിങ് ടുഗെതറിനെപ്പറ്റിയും മാത്രമേ അറിവുള്ളായിരുന്നു. വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ചൊരു നടനാണ്. തന്റെ മാതാപിതാക്കൾക്കു മുന്നിൽ പോലും നന്നായി അഭിനയിച്ചു. അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്. നിയമപരമായ നടപടികളിൽ നിന്നു പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.”