വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിൻ നിഗം. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം. ഒരു സിനിമാ നടനെക്കാൾ ഉപരി തനിക്ക് ഇപ്പോഴും അബിയുടെ മകനായി തന്നെ അറിയപ്പെടാനാണ് ഇഷ്ടമെന്ന് ഷെയിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണിന്ന്. പിതാവിന്റെ ഓർമ്മ ദിനത്തിൽ ഷെയിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണ്.
“ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.. നന്ദി വാപ്പച്ചി.. എന്നിൽ വിശ്വാസമർപ്പിച്ചതിന്”, ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.” ഷെയ്ൻ കുറിക്കുന്നു.
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന് വസന്തം നൽകിയ കലാകാരന്മാരിൽ ഒരാളായിരുന്നു അബി. മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ സിനിമാ ഓർമ്മകളിൽ അബി നിറഞ്ഞു നിൽപ്പുണ്ട്. മിമിക്രിയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന അദ്ദേഹം ഒരുപിടി അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അചഞ്ചലമായാ സ്ഥാനം നേടി. ഇന്നും മലയാളികൾക്ക് അബിക്കാ എന്നാൽ താരാധനക്ക് അപ്പുറം നിറഞ്ഞ സ്നേഹമാണ്. പ്രേക്ഷകരുടെ ഇഷ്ടം നേടാൻ മെഗാ സ്റ്റാർ തന്നെ ആവണമെന്നില്ല, നല്ലൊരു മനുഷ്യൻ ആയാലും മതിയെന്ന് അബി എന്ന ആ അതുല്യ കലാകാരന് ഈ കാലത്തും ലഭിക്കുന്ന സ്വീകാര്യത തെളിയിക്കുന്നു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്.
ഇനിയും ആഗ്രഹങ്ങൾ ബാക്കി വെച്ചാവും അബി മറ്റൊരു ലോകത്തേക്ക് പോയത്. മകനിലൂടെ ആ ആഗ്രഹങ്ങൾ
നിറവേറുന്നത് അബി കാണുന്നുണ്ടാവാം.. അഥവാ അബിയെ സ്നേഹിക്കുന്നവർ അത് ആഗ്രഹിക്കുന്നുണ്ട്…