Cinemapranthan

വീണ്ടുമൊരു പ്രവാസ കഥയുമായി ലാൽജോസ്; സൗബിനും മംമ്തയും ആദ്യമായി ഒന്നിക്കുന്നു

സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ദുബായിയിൽ ആരംഭിക്കും

null

‘നാൽപ്പത്തി ഒന്ന്’ എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി ലാൽ ജോസ് എത്തുന്നു. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ദുബായിയിൽ ആരംഭിക്കും. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അറബിക്കഥയ്ക്കും, ഡയ്മണ്ട് നെക്ലസിനും ശേഷം ലാൽ ജോസ് ഗൾഫ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇത്.

ആലുവക്കാരനായ ദസ്തഗീറും ഭാര്യ സുലേഖയും ആയിട്ടാണ് സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും ചിത്രത്തിലെത്തുന്നത്.
രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ചിത്രം പറയുന്നത്. യു.സി. കോളേജിൽ ജനറൽ ക്യാപ്റ്റനായി ജയിച്ചു കയറിയ ദസ്തഗീർ ഡിഗ്രിക്കു ശേഷം ഗൾഫിലെത്തുകയും, പിന്നീട് കല്യാണം കഴിച്ച് അവിടെത്തന്നെ സ്ഥിരതാമസമാവുകയും ചെയ്യുന്നു. ഇവരുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

cp-webdesk

null