Cinemapranthan

ഇന്ന് മുതൽ രാജ്യത്ത് സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കും; കേരളത്തിൽ ഇപ്പോൾ തുറക്കില്ല

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുക

null

ഇന്ന് മുതൽ രാജ്യത്ത് സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളാണ് പ്രവർത്തനം പുനരാംഭിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുക. എന്നാൽ കേരളത്തിൽ സിനിമ തിയേറ്റററുകൾ ഇപ്പോൾ തുറക്കില്ല.

ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ കോവിഡ് വ്യാപനം ഉണ്ടാകാത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.

തിയറ്ററുകളും മൾട്ടിപ്ലക്സുകളും കർശനമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ(എസ് ഒപി) കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ അൺലോക്ക് 5ന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. തിയറ്ററിലെത്തുന്നവർക്കിടയിൽ കർശനമായും ശാരീരിക അകലം പാലിക്കേണ്ടതാണ്. അതനുസരിച്ചു ഒന്നിടവിട്ടാണ്‌ സീറ്റുകൾ ക്രമീകരിക്കുക.

എല്ലാ തിയറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും കർശനമായും ഉണ്ടായിരിക്കണം. സിനിമ കാണാനെത്തുന്നവരെ തെർമൽ സ്ക്രീനിംഗ് നടത്തണം. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തിയറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു.

ബോക്സ് ഓഫീസ് കൗണ്ടറുകൾ പ്രവർത്തിക്കുമെങ്കിലും പരമാവധി ഓൺലൈൻ ബുക്കിംഗ് ചെയ്യാനാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകൾ ദിവസം മുഴുവൻ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാൻസ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോർ മാർക്കറുകളും സ്ഥാപിക്കും.

തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല. ഇടവേളകളിൽ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയർകണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിർദേശങ്ങളും അറിയിപ്പുകളും സ്ക്രീനിംഗിനു മുൻപും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാൽ ബന്ധപ്പെടുന്നതിനായി സിനിമാഹാളിൽ ഫോൺ നമ്പറും വിവരങ്ങളും നൽകേണ്ടതുണ്ട്.

cp-webdesk

null