അന്തരിച്ച വിഖ്യാത ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ പേരിൽ സംഗീത സംവിധായകൻ രാഹുൽ രാജും സംഘവും ഒരുക്കിയ ട്രിബൂട്ട് വീഡിയോ കോപ്പി റൈറ്റ് പോളിസിയുടെ പേരിൽ നീക്കം ചെയ്തു. മലേഷ്യയിലുള്ള തമിഴ് നാട് സ്വദേശിയായ ഒരു യൂട്യൂബ് ചാനലിന്റെ ഉടമ നൽകിയ പരാതിയെ തുടർന്നാണ് യൂട്യൂബിന്റെ നടപടി. ഇതിനെതിരെ വിമർശനവുമായി നിർമ്മാതാവായ രാജീവ് ഗോവിന്ദനും, സംഗീതം നൽകിയ സംഗീത സംവിധായകൻ രാഹുൽ രാജും രംഗത്തെത്തിയിരിക്കുകയാണ്.
‘അഞ്ജലി പ്രാണാഞ്ജലി’ എന്ന സംഗീത ആൽബമാണ് യൂട്യൂബിൽ കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് നീക്കം ചെയ്തിരിക്കുന്നത്. ആല്‍ബത്തിൽ ഒരു ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന എസ്.പി.ബിയുടെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചാണ് വിദേശത്തു നിന്ന് യുട്യൂബിലേക്ക് പരാതി പോയിരിക്കുന്നത്.
അഞ്ച് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഇരുപത്തിരണ്ട് സെക്കന്റ് ദൈർഘ്യമുള്ള എസ് പി ബിയുടെ ഒരു അഭിമുഖത്തിന്റെ ഭാഗം ഉൾപ്പെടുത്തിയിരുന്നു. ഇതാണ് കോപ്പി റൈറ്റ് പ്രശ്നത്തിന് കാരണമായത്. എന്നാൽ ഇത് സാമ്പത്തികാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത ഒരു വീഡിയോ അല്ലെന്നും എസ് പി ബിക്കു വേണ്ടി ചെയ്ത ഒരു ട്രിബൂട്ട് ആണെന്നും രാഹുൽ രാജ് പറഞ്ഞു. ഈ നീക്കത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് എന്ന് നിർമ്മാതാവായ രാജീവ് ഗോവിന്ദനും അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തിയത്.
രാജീവ് ഗോവിന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
“ആ നല്ല ഗീതികള്‍ ആനന്ദശാഖിയില്‍ പൂ വിടര്‍ത്തും….”
എന്റെ സംഗീതയാത്രയില്‍ എസ്.പി.ബിയോളം ഉള്ളുനിറച്ച മറ്റൊരു പാട്ടുകാരനില്ല. ബാല്യകൗമാരങ്ങളും യൗവനവുമൊക്കെ ആ സംഗീതധാരയില്‍ നനഞ്ഞു നിന്നതായിരുന്നു. അതുകൊണ്ടാകാം എസ്.പി.ബിയുടെ വേര്‍പാട് എന്നില്‍ നിറച്ച ശൂന്യതയോളം മറ്റൊരു നിശബ്ദത ഞാനറിയാതെ പോയത്. ലോകം തന്നെ നിശ്ചലമാക്കിയ വേര്‍പാട്. എങ്ങനെയാണ് ഞാനെന്റെ പാട്ടുകാരന് അഞ്ജലി ചെയ്യേണ്ടതെന്നായിരുന്നു പിന്നെയുള്ള ചിന്തകള്‍. മഹാനദിയിലൊഴുക്കുന്ന എള്ളും പൂവും ചന്ദനവും കൊണ്ടു നല്‍കുന്ന അര്‍ച്ചനയേക്കാള്‍ ആ ആത്മാവിന് ആനന്ദം നല്‍കുന്നത് ഗാനാര്‍ച്ചനയാണെന്ന് തിരിച്ചറിവായിരുന്നു ‘അഞ്ജലി പ്രാണാഞ്ജലി’. എന്റെ ചിന്തകളെ ശരിവച്ചുകൊണ്ട് രാഹുല്‍ രാജും ,ഹരിചരണും ,മഗേഷ് കൊല്ലേരിയുമൊക്കെ ഒപ്പം ചേര്‍ന്നു.
“അഞ്ജലി പ്രാണാഞ്ജലി “എന്ന ആല്‍ബം സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നില്ല. ഞാനടക്കമുള്ള ലോകത്തെ എല്ലാ സംഗീത പ്രേമികള്‍ക്കും വേണ്ടി.. എസ്.പി.ബിക്കായുള്ള അര്‍ച്ചന തന്നെയായിരുന്നു അത്. ജോലി ചെയ്തവരൊക്കെ സാമ്പത്തികം മാറ്റി നിര്‍ത്തി. ഹൃദയംകൊണ്ടവര്‍ പ്രിയപ്പെട്ട ഗായകനായി അവരവരുടെ ജോലികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ഗാനം റിലീസ് ചെയ്തതും അതുകൊണ്ടായിരുന്നു. കേട്ടവര്‍ കേട്ടവരിലേക്ക് ആ ഗാനം പങ്കിട്ടു.
വരികളിലും ദൃശ്യങ്ങളിലും എസ്.പി.ബി നിറയണമെന്ന് ഞങ്ങളോരോരുത്തരും ആഗ്രഹിച്ചു. സംഗീതമായും ദൃശ്യമായും ശബ്ദമായുമൊക്കെ എസ്.പി.ബി ‘അഞ്ജലി പ്രാണാഞ്ജലി’യില്‍ നിറഞ്ഞു. ഗാനം യുട്യൂബില്‍ ശ്രദ്ധ നേടി വന്നപ്പോഴിതാ ഒരു പുതിയ പ്രതിസന്ധി വിരുന്നു വന്നിരിക്കുന്നു. ‘അഞ്ജലി പ്രാണാഞ്ജലി’ യൂട്യൂബില്‍ കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ആല്‍ബത്തിലെ ഒരു ഭാഗത്തു ഉപയോഗിച്ചിരിക്കുന്ന എസ്.പി.ബിയുടെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചാണ് വിദേശത്തു നിന്ന് യുട്യൂബിലേക്ക് പരാതി പോയിരിക്കുന്നത്. സാമ്പത്തികാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത ഒരു വീഡിയോ അല്ല ഇതെന്ന് പ്രിയപ്പെട്ടവരെ ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. നിയമപരമായ നീക്കങ്ങള്‍ ഞങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഒരുകൂട്ടം സംഗീത പ്രേമികളുടെ ഗാനാര്‍ച്ചന മാത്രമായിരുന്നു ഇത്. ഈ സദുദ്ദേശത്തെ തിരിച്ചറിയാതെ പോയ ചിലരോട് എന്തു പറയാനാണ്! കെട്ടലോകത്ത് നിങ്ങള്‍ക്കൊപ്പം ഞങ്ങളും ജീവിക്കുന്നു. എസ്.പി.ബിയുടെ ഗാനങ്ങള്‍ ഇനിയും കേള്‍ക്കും. നമ്മളിനിയും അദ്ദേഹത്തിനായി പാടും. അതുകൊണ്ട് ഞാന്‍ എന്റെ പുതിയ ഗാനം ഇവിടെയും പങ്കുവയ്ക്കുന്നു…
ലോകത്തെ എല്ലാ എസ്.പി.ബി ആരാധകർക്കായും….
ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്…
അഞ്ജലി പ്രാണാഞ്ജലി……
രാജീവ് ഗോവിന്ദൻ