സംവിധായകൻ രാജേഷ് പിള്ള അകാലത്തിൽ പൊലിഞ്ഞിട്ട് നാല് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയ രാജേഷ് പിള്ളക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ.
“സ്വർഗ്ഗത്തിൽ സന്തോഷമായിരിക്കൂ പിള്ളേച്ചാ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. ഓർമകളിൽ ജീവിക്കുന്ന രാജേഷ് പിള്ളയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്.
‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള സ്വതന്ത്ര സംവിധായകനാവുന്നത്. തന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും അഭിനയിച്ച ‘വേട്ട’യാണ് രാജേഷ് പിള്ളയുടെ അവസാന ചിത്രം. ചിത്രം റിലീസായത്തിന്റെ പിറ്റേ ദിവസം രാജേഷ് പിള്ള മരണപ്പെട്ടു. കരൾ രോഗം ബാധിച്ചതിനെ തുടർന്നാണ് മരണം. നാലു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത രാജേഷ് പിള്ളയുടെ മൂന്നു ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ ഉണ്ടായിരുന്നു. ചാക്കോച്ചനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു രാജീവ് പിള്ള.