‘സീ യു സൂൺ’ എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി സംവിധായകൻ മഹേഷ് നാരായണനും ഫഹദും. കോവിഡ് അതിജീവനത്തിന്റെ കാലത്ത് സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിന് നന്ദി അറിയിച്ച് ഫെഫ്ക്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ബി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധയകൻ ഉണ്ണികൃഷ്ണൻ ബി ആണ് ഈ വിവരം പങ്കുവെച്ചതും ഫെഫ്ക്കയുടെ നന്ദി അണിയറ പ്രവർത്തകരെ അറിയിച്ചതും.
ലോക്ക്ഡൗണ്‍ – പാൻഡെമിക് പ്രോട്ടോകോൾ പരിമിതികൾക്കുളിൽ നിന്ന് കൊണ്ട് മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘സീയു സൂൺ’. ഫഹദ് ഫാസിൽ, റോഷൻ മാത്യൂസ്, ദർശന രാജേന്ദ്രൻ, മാല പാർവതി, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ദൃശ്യാഖ്യാന രീതിയിലെ പരീക്ഷണാത്മക സമീപനം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. പൂർണമായും ഐ ഫോണിലാണ് ‘സീ യു സൂൺ’ ചിത്രീകരിച്ചത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ ഫഹദും നസ്റിയയും ചേർന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.സബിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ഫഹദ് മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ചിത്രീകരണം പൂർത്തിയായ ‘മാലിക്ക്’ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് പ്രതിസന്ധി കാരണം തിയേറ്ററുകൾ അടച്ചിടേണ്ടി വന്നത്. 25 കോടി എന്ന വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ഒ ടി ടി റിലീസായി എത്തുമെന്നും നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതേ കുറിച്ച് പിന്നീട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.