‘എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല’, റിമ കല്ലിങ്കല്‍. ഉത്തര്‍പ്രദേശിലെ ഹത്രാസ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഒരു ചിതയുടെ ചിത്രം പങ്കു വെച്ച് കൊണ്ട് ഫേസ്ബുക്കിലെ റിമയുടെ കുറിപ്പ് ‘സെലക്ടീവ്’ ആയി പ്രതികരിക്കുന്നുവെന്ന ആരോപണത്തിനുള്ള മറുപടിയാണ്.
സെലിബ്രിറ്റീസുകൾ പ്രത്യേകിച്ച് സ്ത്രീകൾ ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കുമ്പോൾ നേരിടുന്ന പ്രധാന വിമർശനമാണ് ബലാല്‍സംഗ കേസുകളില്‍ ഇവരാരും പ്രതികരിക്കില്ലല്ലോ എന്ന്. ഏറ്റവുമൊടുവിൽ ഇത്തരം വിമർശനം നേരിട്ട ഒന്നാണ് അശ്ലീല യുട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്ത സംഭവം. ഈ പ്രതിക്ഷേധത്തിൽ തങ്ങളുടെ അഭിപ്രായം അറിയിച്ച സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകൾ നേരിട്ട പ്രധാന ആരോപണം ആണ് ‘സെലക്ടീവ്’ ആയി പ്രതികരിക്കുന്നുവെന്ന്. ആരോപണത്തിന് മറുപടി പറയുകയാണ് നടി റിമ കല്ലിങ്കല്‍.
കുറിപ്പ്
“എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല”, റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പത്തൊൻപത് വയസ്സുകാരി ഉണങ്ങാത്ത മുറിവായി നിൽക്കുകയാണ്. മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിക്ഷേധം നടക്കുന്നു. സംഭവം സ്ത്രീ സംരക്ഷയെപ്പറ്റിയുള്ള വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.