തലൈവിയായി കങ്കണ തെന്നിന്ത്യയിൽ എത്തുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം ‘തലൈവി’യുടെ ചിത്രീകരണം പുനരാരംഭിച്ചു. ഏഴുമാസങ്ങൾക്കു ശേഷമാണു ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്. ചിത്രീകരണത്തിനായി തെന്നിന്ത്യയിലേക്ക് വരുന്ന വിവരം കങ്കണ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ‘തലൈവി’ വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നും ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞു.
തമിഴിലും ഹിന്ദിയിലുമായാണ് ‘തലൈവി’ ഒരുങ്ങുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ 24 കോടിയാണ് കങ്കണ വാങ്ങിയതെന്നാണ് റിപ്പോർട്ട്. തമിഴിൽ ‘തലൈവി’ എന്ന പേരിലും ഹിന്ദിയിൽ ‘ജയ’ എന്ന പേരിലുമാണ് ചിത്രം ഒരുങ്ങുന്നത്. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.
വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്’ എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നീരവ് ഷാ. ജി വി പ്രകാശ് സംഗീതം നിർവഹിക്കുന്നു. ഗാനങ്ങൾ ഒരുക്കുന്നത് മദൻ കർകി.