ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ദീപിക പദുക്കോണിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻ സി ബി. ബോളിവുഡ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദീപിക പദുകോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സെപ്റ്റംബർ 26 ന് ചോദ്യം ചെയ്തിരുന്നു.
2017 മുതലുള്ള വാട്സ്ആപ്പ് ചാറ്റിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ചോദിച്ചിരുന്നത്. എന്നാൽ ദീപികയുടെ വിശദീകരണത്തിൽ പൂർണ്ണമായും തൃപ്തരല്ലെന്ന് എൻസിബി അധികൃതർ പറഞ്ഞു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ദീപികയുടെ നീക്കം ചെയ്ത ചാറ്റുകൾ വീണ്ടെടുത്ത് പരിശോധിക്കുമെന്ന് എൻ സി ബി അറിയിച്ചു. നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ പക്കൽ നിന്നും ഇതേ രീതിയിലാണ് വിവരങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദീപിക ഉൾപ്പടെയുള്ള താരങ്ങളെ എൻസിബി ചോദ്യം ചെയ്തത്. തുടർന്ന് ഇവരുടെ പക്കൽ നിന്നും ഫോണുകളും വാങ്ങി വെച്ചിരുന്നു. ചാറ്റുകളെ കുറിച്ച് താരങ്ങൾ നൽകിയ പ്രസ്താവനകൾ പരിശോധിക്കുകയും ഡിലീറ്റഡ് മെസ്സേജുകൾ വീണ്ടെടുക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട മറ്റ് പേരുകൾ അറിയാനും കഴിയുമെന്ന് എൻസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.