ഹോളിവുഡിലെ മുന്‍ നിര താരങ്ങൾക്കൊപ്പം പുതിയ പ്രൊജക്ടുമായി നടി പ്രിയങ്ക ചോപ്ര. എന്നാല്‍ ഇത്തവണ അഭിനേത്രിയായല്ല പ്രിയങ്ക എത്തുന്നത്. ശബ്ദം നൽകി കൊണ്ടാണ് പ്രിയങ്ക എച്ച്.ബി.ഒ യുടെ പുതിയ പ്രൊജക്റ്റിന്റെ ഭാഗമാകുന്നത്. എച്ച്.ബി.ഒ മാക്‌സിന്റെ എ വേള്‍ഡ് ഓഫ് കാം എന്ന സീരീസിലാണ് പ്രിയങ്ക ചോപ്ര ഭാഗമാവുന്നത്.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രധാന്യം നല്‍കുന്ന സീരീസില്‍ താരങ്ങള്‍ തങ്ങളുടെ ശബ്ദത്തില്‍ ഒരു കഥ വിവരിക്കും. പ്രിയങ്കയെ കൂടാതെ കീനു റീവ്‌സ്, ഓസ്‌കാര്‍ ഐസാക്, നികോളെ കിഡ്മാന്‍, ലൂസി ല്യു, കേറ്റ് വിന്‍സ്‌ലെറ്റ്, തുടങ്ങിയ ഹോളിവുഡ് താരങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. അര മണിക്കൂറുള്ള എപ്പിസോഡുകളായാണ് സീരീസ് സംപ്രേഷണം ചെയ്യുക. ഒക്ടോബര്‍ ഒന്നിനാണ് സീരീസ് പ്രേക്ഷകരിലെത്തുന്നത്. ഈ പ്രൊജക്ടിനു പുറമെ നിരവധി ബോളിവുഡ്, ഹോളിവുഡ് പ്രെജക്ടുകളാണ് പ്രിയങ്കയുടേതായി പുറത്തു വരാനുള്ളത്.
നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ദ വൈറ്റ് ടൈഗര്‍ ആണ് ഇതിലൊന്ന്. അരവിന്ദ് അഡിഗയുടെ ബുക്കര്‍ പ്രൈസ് നേടിയ പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പ്രൊജക്ടാണിത്. ഇതിനു പുറമെ സിറ്റഡെല്‍ വിത്ത് റുസ്സോ ബ്രദര്‍, റിയാലിറ്റി ഷോയായ സംഗീത് എന്നീ രണ്ട് ആമസോണ്‍ പ്രെജക്ടുകളുടെയും ഭാഗമാവുന്നുണ്ട് താരം.