Cinemapranthan

‘പ്യൂപ്പ’: പതിനൊന്ന് മിനിറ്റിൽ പറഞ്ഞു വെക്കുന്ന ഒരു വലിയ കഥ

ഫയാസ് ജഹാൻ സംവിധാനം ചെയ്ത ‘പ്യൂപ്പ’ എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്

null

ഒരു കഥയിലൂടെ ചിറക് വെക്കുന്ന ചിത്രശലഭം. ‘പ്യൂപ്പ’ എന്ന ഷോർട് ഫിലിം ലളിതമായി ഇങ്ങനെ പറയാം. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു അതായി മാറുമ്പോഴും ചുറ്റുമുള്ളവരെ ഭയക്കുകയാണ്, ഞാനിതാണെന്നു പറയാൻ. എന്നാൽ ആ പുറംതോടിൽ നിന്നും ഒരു ശലഭത്തെ പോലെ പറന്നുയരാൻ കൂടി പറയുന്നുണ്ട് ‘പ്യൂപ്പ’. ഒരു മനുഷ്യന്റെ സ്വത്വം ഇന്നും അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിനു മുന്നിലേക്ക് ഒരു വലിയ സന്ദേശമാണ് ‘പ്യൂപ്പ’ മുന്നോട്ടു വെക്കുന്നത്.

ഫയാസ് ജഹാൻ സംവിധാനം ചെയ്ത ‘പ്യൂപ്പ’ എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. പതിനൊന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചെറു ചിത്രം ഒരു വലിയ കഥയാണ് നമുക്ക് പറഞ്ഞു തരുന്നത്.

‘ഒരു ഫോട്ടോ​ഗ്രഫി കൺസപ്ടായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നതെന്നും പിന്നീടാണ് ആ ആശയത്തിൽ മൂവിങ് വിഷ്വൽസിന് വല്ലാത്ത സാധ്യതയുണ്ടെന്ന് മനസ്സിലാവുകയും ചെയ്‌തതെന്ന് സംവിധായകൻ ഫയാസ് ജഹാൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏകദേശം ഒന്നര വർഷങ്ങൾക്ക് ഫയാസ് സുഹൃത്തായ ജാബിർ നൗഷാദിനോട് ഇക്കാര്യം പറഞ്ഞു. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജാബിറാണ്.

“എന്റെ മനസ്സിലുള്ള കൺസപ്ട് പൂർണമായും ജാബിർ മനസ്സിലാക്കുകയും എനിക്കൊപ്പം നിൽക്കുകയും ചെയ്തു.” ഫയാസ് പറയുന്നു. പത്ത് മാസത്തിൽ കൂടുതൽ സമയമെടുത്താണ് ‘പ്യൂപ്പ’യുടെ തിരക്കഥ എഴുതിയത്. നാല് ഡ്രാഫ്റ്റുകൾ എഴുതിയിരുന്നു. അതിൽ അവസാനത്തേതാണ് പ്യൂപ്പയാകുന്നത്.

“ഈ ലോകം വെെവിധ്യങ്ങൾ നിറഞ്ഞതാണ്. നാനാതരത്തിലുള്ള മനുഷ്യരുണ്ട്. നൂനപക്ഷമായി നിൽക്കുന്ന (ലിം​ഗത്തിന്റെ പേരിൽ) മനുഷ്യരെ മറ്റുള്ളവർ പെട്ടന്ന് സ്വീകരിക്കുകയില്ല. അവരെ തെറ്റുകാരായി കാണുന്നു. അതിനെതിരേയുള്ള സന്ദേശമാണ് പ്യൂപ്പ നൽകുന്നത്. കാഴ്ചയിൽ അല്ല കാഴ്ചപ്പാടിലാണ് പ്രശ്നമെന്ന് പറയാറില്ലേ. എന്റെ ആദ്യ സംവിധാന സംരഭമാണിത്. സിനിമ വളരെ സ്വാധീനമുള്ള ഒരു മാധ്യമം കൂടിയാതിനാൽ അതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു.” ഫയാസ് പറയുന്നു.

ജാബിർ നൗഷാദ്, ദേവകി രാജേന്ദറിന് എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഗൂസ്ബെറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജിഹാസ് ജഹാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ, എഡിറ്റിങ്- ഷിബിൻ കെ. ചന്ദ്രൻ, ആർട്-നിഥിൻ.

cp-webdesk

null