തമിഴ് സംവിധായകൻ ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന് ‘സാങ്കി’ എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് ബസ് റിപ്പോർട് ചെയ്തു. ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നർ ചിത്രമായിരിക്കും ‘സാങ്കി’. മുൻപും അറ്റ്ലീ ചിത്രത്തിൽ ഷാരൂഖ് എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാൻ എത്തുന്ന ചിത്രമായിരിക്കും ഇത്. ഷാരൂഖും അറ്റ്ലിയും ഒന്നിക്കുമെന്ന വാർത്ത കേൾക്കുന്നുണ്ടെന്നും അത് എത്രയും വേഗം സാധ്യമാകാൻ താൻ കാത്തിരിക്കുകയാണെന്നും അറ്റ്ലിയുടെ സുഹൃത്തും സംവിധായകനുമായ ഹാരിഷ് ശങ്കർ പറഞ്ഞു. ബിഗിൽ ചിത്രത്തിന്റ പ്രചാരണത്തിന് ഹാരിഷ് ആണ് ആദ്യമായി ഇക്കാര്യം വെളുപ്പെടുത്തുന്നത്. എന്നാൽ ആറ്റ്ലി മറുപടി ഒന്നും പറഞ്ഞിരുന്നില്ല.
ബോളിവുഡിന് പുറമെ തെലുങ്കിലും സിനിമ ചെയ്യാനൊരുങ്ങുകയാണ് ആറ്റ്ലി. ‘ബിഗിലി’ന്റെ തെലുങ്ക് പതിപ്പ് ‘വിസിലി’ന്റെ പ്രചാരണത്തിനിടയിൽ തെലുങ്ക് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അത് ഉടനെ ഉണ്ടാകുമെന്നും ആറ്റ്ലി പറഞ്ഞു.
‘ഓം ശാന്തി ഓമി’ലൂടെ ബോളിവുഡിലേക്ക് എത്തിയ ദീപിക പദുക്കോൺ ‘ചെന്നൈ എക്സ്പ്രസ്’,’ഹാപ്പി ന്യൂയർ’ എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിരുന്നു.