ചെന്നൈ: തീയേറ്ററുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ‘പരാശക്തി’ എന്ന ചിത്രത്തിന്റെ പ്രതിഫല തർക്കത്തെ തുടർന്ന് നിർമാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സംവിധായിക സുധ കൊങ്കര. ചിത്രത്തിന്റെ സംവിധാന പ്രതിഫലമായി ലഭിക്കേണ്ട 8.39 കോടി രൂപ നിർമാതാക്കൾ നൽകിയില്ലെന്ന് കാണിച്ച് സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

ചിത്രത്തിന്റെ സാറ്റലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞിട്ടുണ്ട്. കൂടാതെ, ഇതേ നിർമാണ കമ്പനിയായ ‘ഡോൺ പിക്ചേഴ്സ്’ നിർമിക്കുന്ന അടുത്ത ചിത്രമായ ‘ഇദയം മുരളി’യുടെ റിലീസ് തടയണമെന്നും സുധ കൊങ്കര സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ടെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. ആകാശ് ഭാസ്കരനാണ് ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ പരാശക്തി നിർമിച്ചത്.
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷങ്ങളിലെത്തിയ ‘പരാശക്തി’ ഈ വർഷം ജനുവരി 10-നാണ് റിലീസ് ചെയ്തത്. റിലീസ് സമയത്ത് വലിയ രാഷ്ട്രീയ-സിനിമാ വിവാദങ്ങൾക്ക് ഈ ചിത്രം വഴിവെച്ചിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. വിജയ് ചിത്രം ‘ജനനായകൻ’ ജനുവരി 9-ന് റിലീസ് പ്രഖ്യാപിച്ചിരുന്നതിനാലാണ്, അതിനോട് ക്ലാഷ് റിലീസ് ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി പരാശക്തിയുടെ റിലീസ് മുന്നോട്ട് നീട്ടിയതെന്ന വിമർശനം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് സെൻസർ ബോർഡ് നടപടികൾ കാരണം ‘ജനനായകന്റെ’ റിലീസ് വൈകുകയായിരുന്നു.

1965-ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ പശ്ചാത്തലമാക്കിയാണ് ‘പരാശക്തി’ ഒരുക്കിയത്. ശിവകാർത്തികേയനൊപ്പം ശ്രീലീല, രവി മോഹൻ, അഥർവ, റാണ ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മലയാള താരം ബേസിൽ ജോസഫ് അതിഥി വേഷത്തിലും എത്തിയിരുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ‘സുരറൈ പോട്രു’വിന് ശേഷം സുധ കൊങ്കര ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.






