ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തിന് വീണ്ടുമൊരു കനത്ത ആഘാതം. പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം കോളിവുഡിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യവും കുടുംബബന്ധങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഒരുപോലെ കോർത്തിണക്കാൻ ഭാഗ്യരാജിന് സാധിച്ചിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ അങ്ങേയറ്റം രസകരമായും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വേറിട്ട ശൈലി. ബുദ്ധിപരമായ തിരക്കഥകളും ഇന്നും പ്രേക്ഷകർ ഓർത്തുുവെക്കുന്ന ഡയലോഗുകളുമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന ആകർഷണം.

1979-ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി തമിഴ് സിനിമയുടെ ചരിത്രത്താളുകളിൽ ഇടംനേടിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ ജനകീയമാക്കിയത്. മലയാളികൾക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു; ദിലീപ് നായകനായ ‘മിസ്റ്റർ മരുമകൻ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ സാധാരണക്കാരിലേക്ക് എത്തിച്ച ആ അതുല്യ പ്രതിഭയ്ക്ക് സിനിമാപ്രാന്തന്റെ ആദരാഞ്ജലികൾ!






