Cinemapranthan

ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നുവോ? നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് പിന്നാലെ ചർച്ചകൾ

ഇന്ത്യൻ സിനിമാ ചരിത്രം തിരുത്തിക്കുറിച്ച ‘ബാഹുബലി’ക്ക് മൂന്നാം ഭാഗം വരുന്നുവോ?

ഇന്ത്യൻ സിനിമാ ചരിത്രത്തെ ‘ബാഹുബലിക്ക് മുൻപും പിൻപും’ എന്ന് രണ്ടായി രേഖപ്പെടുത്തിയ ദൃശ്യവിസ്മയമാണ് എസ്.എസ്. രാജമൗലി-പ്രഭാസ് കൂട്ടുകെട്ടിൽ പിറന്ന ബാഹുബലി ഫ്രാഞ്ചൈസി. ബോക്സ് ഓഫീസിലെ സകല റെക്കോർഡുകളും തകർത്ത ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ ബാഹുബലി 3-ലേക്ക് വിരൽചൂണ്ടുന്ന ശക്തമായ സൂചനകൾ പുറത്തുവിട്ടിരിക്കുകയാണ്.

నెట్‌ഫ്ലിക്സിന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററിയായ ‘ബാഹുബലി: ദ് ടോർച്ച്ബെയറർ’ (Baahubali: The Torchbearer)-ന്റെ അവസാന ഭാഗത്താണ് ആരാധകരെ ആവേശത്തിലാക്കുന്ന ആ രംഗമുള്ളത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്ക ഷെട്ടിയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. “ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും” എന്ന റാണയുടെ വാക്കുകൾ കേട്ട് പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തി കാണിച്ചുകൊണ്ട് ചിരിക്കുന്നതും, പിന്നാലെ അനുഷ്കയും ‘ബാഹുബലി’ എന്ന് പറയുന്നതുമാണ് ഈ വലിയ ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്.

അണിയറയിൽ ‘ബാഹുബലി ദി എറ്റേർണൽ വാർ’ (Baahubali: The Eternal War)

ബാഹുബലി 3-ന്റെ സൂചനകൾ ഒരു വശത്ത് തരംഗമാകുമ്പോൾ, ഫ്രാഞ്ചൈസിയിൽ നിന്നുള്ള മറ്റൊരു വമ്പൻ പ്രൊജക്റ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ബാഹുബലി ദി എറ്റേർണൽ വാർ’ എന്ന അനിമേഷൻ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥ പറയുന്ന ഈ ചിത്രം ഏകദേശം 127 കോടി രൂപയുടെ ഭീമൻ ബജറ്റിലാണ് നിർമ്മിക്കുന്നത്.

ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ഈ ചിത്രം 3D ഫോർമാറ്റിലാണ് തിയേറ്ററുകളിൽ എത്തുക. ബാഹുബലിയുടെ സൃഷ്ടാവ് എസ്.എസ്. രാജമൗലി തന്നെയാണ് ഈ അനിമേഷൻ ചിത്രം പ്രെസെന്റ് ചെയ്യുന്നത്. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്ന് കഥയൊരുക്കുന്ന ചിത്രം 2027-ൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആർക്ക മീഡിയ വർക്സിന്റെ ബാനറിൽ ശോഭു യാർലഗദ്ദയും പ്രസാദ് ദേവിനേനിയും ചേർന്നാണ് നിർമാണം.

വിലക്കപ്പെട്ട സാമ്രാജ്യത്തിന്റെ കഥയുമായി വി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിലും എം.എം. കീരവാണിയുടെ സംഗീതത്തിലും പിറന്ന ബാഹുബലി ഒന്നാം ഭാഗം 650 കോടിയോളവും, രണ്ടാം ഭാഗം 1,700 കോടിയിലധികവും (ആഗോള കളക്ഷൻ) നേടി ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റിയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന പുതിയ അപ്ഡേറ്റുകൾ ബാഹുബലി സാമ്രാജ്യം ഇനിയും അവസാനിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നവയാണ്.

cp-webdesk

null