പ്രശസ്ത താരം എസ്.ജെ. സൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘കില്ലർ’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. നാലുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള ബിന്നി മിൽസ് വളപ്പിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.

സിനിമയിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സ്ഫോടനദൃശ്യത്തിന് ആവശ്യമായ കാർബൺഡൈ ഓക്സൈഡ് വാതകം വലിയ സിലിണ്ടറിൽ നിന്നും ചെറിയ സിലിണ്ടറിലേക്ക് മാറ്റുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചിത്രത്തിന് വേണ്ടി സ്പെഷ്യൽ എഫക്ട്സ് ഒരുക്കുകയായിരുന്ന മധുരവയൽ സ്വദേശി മദൻ (25) ആണ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടത്.

മദന്റെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരായ ദിനകരൻ (24), സൂര്യ (23), ശക്തിവേൽ (27), ഉത്തർപ്രദേശ് സ്വദേശിയായ രാം പാണ്ഡേ (34) എന്നിവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രീകരണ സമയത്ത് സെറ്റിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ജെ. സൂര്യ, പ്രീതി അസ്രാണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.






