Cinemapranthan

ഹോളിവുഡിലേക്ക് ഉണ്ണി മുകുന്ദൻ; ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ മലയാളം പതിപ്പിൽ ‘ഹീ-മാൻ’ ആകാൻ താരം

‘ഹീ-മാൻ’ മലയാളം പതിപ്പിൽ നായകന് ശബ്ദം നൽകി ഉണ്ണി മുകുന്ദൻ; ഹോളിവുഡ് സ്റ്റുഡിയോകളുമായി കൈകോർക്കുന്ന ആദ്യ മലയാളി താരം.

മലയാളി പ്രേക്ഷകരുടെ പ്രിയനടൻ ഉണ്ണി മുകുന്ദൻ ഹോളിവുഡിലേക്ക്. സോണി പിക്ചേഴ്സും എംജിഎമ്മും സംയുക്തമായി നിർമ്മിക്കുന്ന ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സിന്റെ’ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നൽകുന്നത് ഉണ്ണി മുകുന്ദനാണ്. എംജിഎം, സോണി പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ എന്ന ഖ്യാതിയും ഇതോടെ ഉണ്ണി മുകുന്ദന് സ്വന്തമായി. ആഗോളതലത്തിൽ വലിയ ആരാധകവൃന്ദമുള്ള ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സഫലമായ നിമിഷമാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ ഓർത്തെടുത്തു. ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടപ്പോൾ താൻ തികച്ചും വികാരാധീനനായെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി മാറിയെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ആരാധനയോടെ ആവർത്തിച്ചു പറഞ്ഞിരുന്ന “By the Power of Grayskull… I Have The Power!” (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ) എന്ന വിഖ്യാതമായ വരികൾ ഡബ്ബിങ് തിയേറ്ററിൽ ഉച്ചരിച്ച നിമിഷം വാക്കുകൾക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നുവെന്ന് താരം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

മാനിഫെസ്റ്റേഷനിലുള്ള തന്റെ ദൃഢമായ വിശ്വാസമാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നിലെന്നും, പൂർണ്ണമായ സത്യസന്ധതയോടെ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതം ഭംഗിയായി കൈകളിൽ എത്തിച്ചുതരുമെന്നും താരം വിശ്വസിക്കുന്നു. ഹീ-മാൻ സൃഷ്ടിച്ച പഴയ ആ ഭ്രാന്തമായ തരംഗവും സാംസ്കാരിക സ്വാധീനവും നേരിട്ട് കണ്ടിട്ടില്ലാത്ത ഇന്നത്തെ ജെൻ സി കുട്ടികൾ പോലും ഈ അത്ഭുത സിനിമാലോകത്തെ നെഞ്ചേറ്റുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഗൃഹാതുരത്വമുണർത്തുന്ന ഈ മലയാളം പതിപ്പ് വരുംതലമുറകളെയും ആവേശത്തിലാഴ്ത്തും. വലിയ കാൻവാസിൽ ഒരുങ്ങുന്ന ‘മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ്’ വരും ജൂൺ 5-ന് തിയേറ്ററുകളിൽ എത്തും.

എൺപതുകളിലും തൊണ്ണൂറുകളിലും മാറ്റൽ കമ്പനിയുടെ കളിപ്പാട്ടങ്ങളിലൂടെയും ആനിമേഷൻ പരമ്പരയിലൂടെയും ആഗോള സാംസ്കാരിക തരംഗമായി മാറിയ കഥാപാത്രമാണ് ‘ഹീ-മാൻ’. ‘എറ്റേർണിയ’ എന്ന മാന്ത്രിക ലോകത്തിന്റെ രാജകുമാരനായ ആഡം, തന്റെ കയ്യിലെ ‘സ്വോർഡ് ഓഫ് പവർ’ എന്ന മാന്ത്രിക വാളുയർത്തി അജയ്യനായ ഹീ-മാനായി മാറുന്നതും ക്രൂരനായ ‘സ്കെലിറ്റർ’ എന്ന വില്ലനിൽ നിന്നും പ്രപഞ്ചത്തെ സംരക്ഷിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തലമുറകളെ ആകർഷിക്കുന്ന ഈ വലിയ ബജറ്റ് ഹോളിവുഡ് ചിത്രം തിയേറ്ററുകളിൽ ഉണ്ണി മുകുന്ദന്റെ ശബ്ദത്തിൽ ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.

cp-webdesk

null