ബാബു ജനാർദ്ദനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമയിൽ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ നായകനായി എത്തുന്നു. അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും മെയ് ഒമ്പത് ശനിയാഴ്ച കൊച്ചിയിൽ വെച്ച് നടക്കും. തൊണ്ണൂറുകൾ മുതൽ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഭായിമാർക്കിടയിലെ നാല് സുഹൃത്തുക്കളുടെ രസകരമായ അനുഭവങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എന്റർടൈനറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അപർണ്ണാ ബാലമുരളിയും ആത്മീയയുമാണ് ചിത്രത്തിലെ നായികമാർ. ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദഗോപൻ വി. സംഗീതവും ഫാസിൽ നാസർ ക്യാമറയും കൈകാര്യം ചെയ്യുന്നു. സൂരജ് ഇ.എസ്. ആണ് എഡിറ്റിങ്. കലാസംവിധാനം വിനോദ് പട്ടണക്കാടനും മേക്കപ്പ് റഷീദ് അഹമ്മദും നിർവ്വഹിക്കുന്നു. സക്കീർ ഹുസൈനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഷംനാസ് എം. അഷ്റഫ് പ്രൊജക്റ്റ് ഡിസൈനറായും ജോൺ കുടിയാൻമല പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ഡിസൈനുകൾ ഒരുക്കുന്നത് തോട്ട് സ്റ്റേഷനാണ്. മെയ് 19-ന് ജാർഖണ്ഡിലെ സിലിഗുരിയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. അതിനുശേഷം കേരളത്തിലേക്ക് മാറും. പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം നടക്കുക.






