2026-ലെ കാൻ വേൾഡ് പ്രീമിയറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ചിത്രമായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പുനരുദ്ധരിച്ച ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ തിരഞ്ഞെടുക്കപ്പെട്ടു. പഴയകാല സിനിമകളെ വീണ്ടെടുത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ. ചിത്രത്തിലെ അഭിനേതാവ് ജോയ് മാത്യു, വേണു, ബീനാപോൾ എന്നിവരോടൊപ്പം ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപൂറും ചേർന്നാണ് കാനിൽ സിനിമ അവതരിപ്പിക്കുന്നത്. മേയ് 16-ന് വൈകീട്ട് 3.45-ന് കാനിലെ ബുനുവൽ തിയേറ്ററിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുക.

2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ ഈ സിനിമയ്ക്ക്, കാനിലെ പ്രദർശനം ആഗോളതലത്തിൽ ലഭിക്കുന്ന മഹത്തായ അംഗീകാരമായി മാറും. സുനിത സംഗീതവും കൃഷ്ണനുണ്ണി സൗണ്ട് റെക്കോഡിംഗും രമേഷ് കലാസംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോയ് മാത്യുവിനെക്കൂടാതെ മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണൻ, നിലമ്പൂർ ബാലൻ, രാമചന്ദ്രൻ മൊകേരി, നസീം, വേണു കെ. മേനോൻ, ആനന്ദ്, റഷീദ്, ഹംസ, സത്യൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.






