മലയാള ചലച്ചിത്ര ലോകത്തേക്ക് പുതിയൊരു സംവിധായകൻ കൂടി എത്തുന്നു. പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ‘HUPPU’ (ഹുപ്പു) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളുടെ രചയിതാവായ സുനീഷ്, സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് പങ്കുവെച്ചത്.

രണ്ട് കുട്ടികളും ഒരു ദേശാടനപ്പക്ഷിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വൈകാരിക ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് സംവിധായകൻ വ്യക്തമാക്കി. വർഷങ്ങളായുള്ള ആഗ്രഹം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷവും വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ ഗൗരവവും അദ്ദേഹം ടൈറ്റിൽ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും സുനീഷ് വാരനാടിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പിആർഒ മഞ്ജു ഗോപിനാഥാണ് വാർത്താ ഏകോപനം നിർവ്വഹിക്കുന്നത്.





