Cinemapranthan

മലയാള സിനിമയിലെ ദൃശ്യ വിസ്മയം; ‘കത്തനാർ’ ട്രെയ്ലർ തരംഗമാകുന്നു

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിഷ്വൽ വണ്ടർ ടീസർ ട്രെയ്ലർ പുറത്തിറങ്ങി.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘കത്തനാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ പുറത്ത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ്, റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ടീസര്‍ ട്രെയ്ലര്‍ നല്‍കുന്നത്.

ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. ‘ഹോം’ പുറത്ത് വന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം തന്നെ ഒന്നിച്ച ഈ ചിത്രത്തില്‍, അവരുടെ 5 വര്‍ഷത്തെ പരിശ്രമത്തിന്റെ എല്ലാ മികവും കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുന്‍പ് സിനിമയുടെയും സീരിയലിലൂടെമൊക്കെ കടമറ്റത്തു കത്തനാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കഥകളില്‍ നിന്ന് വ്യത്യസ്തമായി, ഈ കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചു കൊണ്ട്, ഒരു പുതിയ ആഖ്യാന ശൈലിയിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നമ്മള്‍ കണ്ടു ശീലിച്ച ഒരു പീരീഡ് ഫാന്റസി ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ ഭാഷയില്‍ ഒരുക്കിയ ചിത്രം, ഒന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

ഇത്ര വലിയ ചിത്രമൊരുക്കാന്‍ ശ്രീ ഗോകുലം ഗോപാലനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും കാണിച്ച ധൈര്യവും അവരുടെ വിഷനും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. 5 വര്‍ഷത്തോളം നീണ്ടും നിന്ന നിര്‍മ്മാണ പ്രക്രിയയെ പിന്തുണച്ച പ്രൊഡക്ഷന്‍ ടീമും, നാല് വര്‍ഷത്തോളം തന്റെ കരിയറില്‍ നിന്ന് ഈ ചിത്രത്തിനായി മാറ്റി വെച്ച നടന്‍ ജയസൂര്യയും ഉള്ളത് കൊണ്ടാണ് ചിത്രം ഇന്ന് കാണുന്ന നിലവാരത്തില്‍ ഒരുക്കാന്‍ സാധിച്ചത് എന്നും റോജിന്‍ തോമസ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഓരോ വിഭാഗത്തിലും അതിന്റെ ഏറ്റവും മികച്ച ഔട്ട്പുട്ട് കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് തന്നെയാണ് ചിത്രം ഒരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

cp-webdesk

null