അല്ലു അർജുൻ എന്ന നടനെ മലയാളികൾക്ക് പ്രിയപ്പെട്ട ‘മല്ലു അർജുൻ’ ആക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ‘ഹാപ്പി’ എന്ന സൂപ്പർഹിറ്റ് ചിത്രം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. 2006-ൽ എ. കരുണാകരൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ പ്രണയകഥ അന്ന് കേരളത്തിലെ തിയേറ്ററുകളിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ഐതിഹാസിക വിജയമാണ് നേടിയത്. അല്ലു അർജുന്റെ കരിയറിലെ ഈ നിർണ്ണായക ചിത്രം പുതിയ കാലത്തെ സിനിമാപ്രേമികൾക്കായി പുത്തൻ ദൃശ്യമികവോടെയാണ് ഒരുങ്ങുന്നത്.

അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8-ന് ആരാധകർക്കുള്ള സമ്മാനമായാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ഗീത ആർട്‌സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രം രഥക് ആർട്‌സിന് വേണ്ടി ഖാദർ ഹസനാണ് കേരളത്തിൽ വീണ്ടും എത്തിക്കുന്നത്. 4K അൾട്രാ ഇംപാക്റ്റ് സാങ്കേതികവിദ്യയിൽ കൂടുതൽ വ്യക്തതയോടെയും കരുത്തുറ്റ ശബ്ദവിന്യാസത്തോടെയും ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ-റിലീസിന് തയ്യാറെടുക്കുന്നത്. രണ്ടാം വരവിലും കേരളക്കരയിൽ നിന്ന് വമ്പൻ വരവേൽപ്പ് തന്നെയാകും ചിത്രത്തിന് ലഭിക്കുകയെന്നാണ് സിനിമാ ലോകത്തെ കണക്കുകൂട്ടലുകൾ.

അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയ് എന്നിവർ തകർത്തഭിനയിച്ച ‘ഹാപ്പി’യിലെ യുവാൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ ഇന്നും യുവാക്കൾക്കിടയിൽ തരംഗമാണ്. പ്രണയവും നർമ്മവും ആക്ഷനും ഒത്തുചേർന്ന ഈ ചിത്രം റിലീസ് സമയത്ത് മികച്ച നിരൂപക പ്രശംസയും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. പി. ശിവപ്രസാദ് വാർത്താപ്രചരണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ റീ-റിലീസ് പഴയകാല ഓർമ്മകൾ പുതുക്കാനുള്ള അവസരം കൂടിയാണ് ആരാധകർക്ക് നൽകുന്നത്





