ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ മലയാളികൾ പ്രതീക്ഷിച്ച ആവേശം ഒട്ടും ചോരാതെ തന്നെയാണ് ‘ആട് 3’ ഒരുക്കിയിരിക്കുന്നത്. ഇത്തവണ വെറുമൊരു കോമഡി ചിത്രം എന്നതിലുപരി, ഫാന്റസിയും ചരിത്രവും കോർത്തിണക്കിയുള്ള ഒരു വലിയ ക്യാൻവാസിലാണ് മിഥുൻ മാനുവൽ തോമസ് കഥ പറയുന്നത്. 1700-കളിലെ കാലഘട്ടവും പാപ്പന്റെയും സംഘത്തിന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകളും സിനിമയ്ക്ക് ഒരു പുത്തൻ മാനവും കൗതുകവും നൽകുന്നുണ്ട്. കേവലം തമാശകൾക്ക് അപ്പുറം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിഷ്വലുകളും കഥാപരിസരവുമാണ് ഈ ഭാഗത്തിന്റെ പ്രത്യേകത.
സിനിമയുടെ ആത്മാവ് എന്ന് പറയുന്നത് പതിവുപോലെ ഇതിലെ തമാശകളും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയുമാണ്. ധർമ്മജൻ അവതരിപ്പിക്കുന്ന ക്യാപ്റ്റൻ ക്ലീറ്റസും ഷാജി പാപ്പനും തമ്മിലുള്ള കൊമ്പുകോർക്കലുകൾ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുന്നു. ഇവരുടെ ടൈമിംഗും ഒപ്പം പഴയ സിനിമകളിലെ റഫറൻസുകളും ആരാധകർക്ക് വലിയൊരു ആഘോഷമാകും. ഇതിനിടയിൽ കേരള രാഷ്ട്രീയത്തെക്കുറിച്ച് ലളിതമായി പറഞ്ഞുപോകുന്ന രസകരമായ സറ്റയറുകൾ സിനിമയുടെ മാറ്റുകൂട്ടുന്നു.
ആദ്യ പകുതിയിലെ കഥാപാത്രങ്ങളുടെ കൃത്യമായ പ്ലെയ്‌സ്‌മെന്റും നോൺ-ലീനിയർ രീതിയിലുള്ള കഥപറച്ചിലും സിനിമയുടെ രണ്ടാം ഭാഗത്തിലേക്കുള്ള വലിയൊരു കാത്തിരിപ്പാണ് സമ്മാനിക്കുന്നത്. വരാനിരിക്കുന്ന വലിയ കുഴപ്പങ്ങളുടെയും തമാശകളുടെയും ഒരു മുന്നൊരുക്കം എന്ന നിലയിൽ ആട് 3 : One Last Ride- Part 1വളരെ മികച്ച രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. തീയേറ്ററിൽ കൈയടികളോടെയും പൊട്ടിച്ചിരിയോടെയും മാത്രം ആസ്വദിക്കേണ്ട ഒരു കംപ്ലീറ്റ് പാക്കേജാണ് ‘ആട് 3’ എന്ന് സംശയമില്ലാതെ പറയാം.






