Cinemapranthan

സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്

Overcoming the challenges of cerebral palsy , 29-year-old Muhammed Shezin from Kannur has achieved an inspiring victory by securing the 860th rank in the Civil Services Examination.

പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷെസിൻ. സെറിബ്രൽ പാൾസി എന്ന ശാരീരിക വെല്ലുവിളിയെ തോൽപ്പിച്ച്, 860-ാം റാങ്ക് നേടിയ ഷെസിന്റെ വിജയഗാഥ ഇന്ന് ഒരുനാടിനാകെ പ്രചോദനമാണ്.

അമ്മയെന്ന തണൽ, തളരാത്ത പോരാട്ടം അഞ്ചാം ക്ലാസ് വരെ സ്കൂളിൽ പോകാതിരുന്ന ഷെസിനെ കഥകളിലൂടെയും പാട്ടുകളിലൂടെയും അറിവിന്റെ ലോകത്തേക്ക് നയിച്ചത് അധ്യാപികയായിരുന്ന ഉമ്മ സബീറയാണ്. പിന്നീട് കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലും കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളേജിലും പഠിക്കുമ്പോൾ മകന്റെ തണലായി ഉമ്മ ഒപ്പമുണ്ടായിരുന്നു. ഷെസിന്റെ വിദ്യാഭ്യാസത്തിനായി സബീറ തന്റെ ജോലി പോലും വേണ്ടെന്നുവെച്ചു. 2017-ൽ ബി.ടെക് പൂർത്തിയാക്കി ബംഗളുരുവിലെ ഐ.ടി കമ്പനിയിൽ ജോലി നേടിയ ഷെസിൻ, കോവിഡ് കാലത്തെ ‘വർക്ക് ഫ്രം ഹോം’ സാഹചര്യമാണ് സിവിൽ സർവീസ് പഠനത്തിനായി വിനിയോഗിച്ചത്.

തിരുവനന്തപുരത്തെ അക്കാദമിയിൽ നിന്ന് ഓൺലൈനായി പഠിച്ചായിരുന്നു ഈ നേട്ടം. നടക്കാൻ വോക്കറിന്റെ സഹായം ആവശ്യമായ ഷെസിന്, അഭിമുഖത്തിന് ഡൽഹിയിൽ പോയപ്പോഴും കരുത്തായി ഉമ്മ കൂടെയുണ്ടായിരുന്നു. ബിസിനസുകാരനായ അബ്ദുൽ ഗഫൂറാണ് പിതാവ്. പരിമിതികൾക്ക് മുന്നിൽ തളരാതെ ലക്ഷ്യത്തിലേക്ക് കുതിച്ച ഷെസിൻ, പോരാട്ടവീര്യത്തിന്റെ മനോഹരമായ മാതൃകയായി മാറുകയാണ്.

cp-webdesk

null