Cinemapranthan

ഭാരതത്തിന്‍റെ ആണവക്കരുത്ത്: ചരിത്രവും അതിജീവനവും

ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന് ലഭിക്കുന്ന ആദരവിനും അംഗീകാരത്തിനും പിന്നിൽ പതിറ്റാണ്ടുകൾ നീണ്ട കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചരിത്രമുണ്ട്. വൻശക്തികൾക്കു മുന്നിൽ ഭാരതം തലയുയർത്തി നിൽക്കുന്നതിന്റെ പ്രധാന കാരണം നമ്മൾ കൈവരിച്ച ആണവായുധ ശേഖരമാണ്. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിൽ പെട്ടെന്നുണ്ടായതല്ല, മറിച്ച് രാജ്യം ഇന്നയോളം ഭരിച്ച ഓരോ ഭരണാധികാരികളുടെയും ശാസ്ത്രജ്ഞരുടെയും നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. റഷ്യയെയും ചൈനയെയും പോലെ ഭാരതത്തെയും ലോകം ഗൗരവത്തോടെ കാണുന്നതിന് പിന്നിൽ ഈ കരുത്തുണ്ട്. 1962-ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം, 1964-ൽ ചൈന ആണവ പരീക്ഷണം നടത്തിയത് ഭാരതത്തെ മാറ്റിചിന്തിപ്പിച്ചു. തുടർന്ന് 1971-ൽ പാകിസ്ഥാൻ ബംഗ്ലാദേശിൽ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ സഹായിക്കാൻ തീരുമാനിച്ചത് ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിച്ചു.

അന്ന് ചൈന-പാകിസ്ഥാൻ സഖ്യത്തിന് പിന്തുണയുമായി അമേരിക്ക ഭാരതത്തിനെതിരെ തിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ വിമാനവാഹിനിക്കപ്പലായ USS Enterprise, 70-ലേറെ വിമാനങ്ങൾ, മറ്റ് യുദ്ധക്കപ്പലുകൾ എന്നിവയടങ്ങുന്ന അമേരിക്കയുടെ ഏഴാം കപ്പൽപടയെ അന്നത്തെ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ബംഗാൾ ഉൾക്കടലിലേക്ക് അയച്ച് ഭാരതത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സോവിയറ്റ് യൂണിയന്റെ ശക്തമായ ഇടപെടൽ മൂലം അമേരിക്കയ്ക്ക് പിൻവാങ്ങേണ്ടി വരികയും ഭാരതം ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിപ്പൊടുക്കുകയും ചെയ്തു. എങ്കിലും അമേരിക്കയുടെ ആണവഭീഷണിയും ചൈനയുടെ ആയുധശേഖരവും പാകിസ്ഥാൻ എന്ന ശത്രുരാജ്യത്തിന്റെ സാന്നിധ്യവും ഭാരതത്തെ സ്വന്തമായി ആണവായുധം നിർമ്മിക്കാൻ പ്രേരിപ്പിച്ചു. കാനഡ, യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ നമ്മെ സഹായിച്ചിരുന്നെങ്കിലും, ആ സഹായങ്ങളുടെ മറവിൽ ഇന്ത്യ രഹസ്യമായി ആണവായുധ നിർമ്മാണം ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ചാര ഉപഗ്രഹങ്ങളുള്ള അമേരിക്കയുടെ കണ്ണുവെട്ടിച്ചായിരുന്നു ഈ ദൗത്യം നടന്നത്. രാജസ്ഥാൻ മരുഭൂമിയിലെ പൊഖ്‌റാനിൽ രാത്രിയുടെ ഇരുട്ടിലായിരുന്നു എല്ലാ നീക്കങ്ങളും. അമേരിക്കൻ KH-11 സാറ്റലൈറ്റ് ആകാശത്ത് എത്തുന്ന സമയം ഇന്ത്യ കൃത്യമായി പഠിച്ചു. സാറ്റലൈറ്റ് കാണാത്ത ആ അഞ്ച് മിനിറ്റ് ‘ബ്ലൈൻഡ് സ്പോട്ടിൽ’ മാത്രം മണ്ണുമാറ്റുകയും തുരങ്കങ്ങൾ കുഴിക്കുകയും ചെയ്തുകൊണ്ട് ശാസ്ത്രജ്ഞർ സൈനികരുടെ വേഷത്തിൽ നിഴലുപോലെ പണികൾ പൂർത്തിയാക്കി. ഒരു ചെറിയ പിഴവ് പോലും രാജ്യത്തെ വലിയ അന്താരാഷ്ട്ര സമ്മർദ്ദത്തിലാക്കുമായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയുടെ ദൃഢനിശ്ചയവും രാജാ രാമണ്ണ, ഹോമി എൻ. സെത്ന, പി.കെ. അയ്യങ്കാർ, ബി.ഡി. നാഗ് ചൗധരി തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞരും ഒന്നിച്ചപ്പോൾ 1974 മെയ് 18-ന് പൊഖ്‌റാനിൽ ഭാരതം ആദ്യത്തെ അണുബോംബ് പരീക്ഷിച്ചു.

പരീക്ഷണം വിജയിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചത് “The Buddha has smiled” എന്ന രഹസ്യ സന്ദേശത്തിലൂടെയായിരുന്നു. ഇതോടെ ലോകത്തെ ആറാമത്തെ ആണവശക്തിയായി ഭാരതം മാറി. ലോകരാജ്യങ്ങളുടെ ചോദ്യങ്ങൾക്ക് “ഇതൊരു സമാധാനപരമായ സ്ഫോടനമാണ്” എന്നായിരുന്നു ഇന്ദിരയുടെ മറുപടി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് നിക്സൺ ഇതിൽ അങ്ങേയറ്റം പ്രകോപിതനായെങ്കിലും, ആ പരീക്ഷണത്തോടെ ലോകത്തെ വൻശക്തികൾക്കൊപ്പം ഭാരതത്തിനും തുല്യമായ ഇരിപ്പിടം ലഭിച്ചു. ഈ കരുത്ത് അവിടെ അവസാനിച്ചില്ല; നരസിംഹറാവു സർക്കാർ നടത്തിയ തയ്യാറെടുപ്പുകൾ പിൽക്കാലത്ത് അടൽ ബിഹാരി വാജ്‌പേയിക്ക് വലിയ തുണയായി. വാജ്‌പേയി ഭരണത്തിലെത്തിയ ഉടൻ പൊഖ്‌റാനിൽ വീണ്ടും ആണവ പരീക്ഷണം നടത്തി ഭാരതത്തിന്റെ ആധിപത്യം ഉറപ്പിച്ചു. അന്ന് ആ ഭരണാധികാരികൾ കാട്ടിയ ധീരതയും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവുമാണ് ഇന്നത്തെ കരുത്തുറ്റ ഭാരതത്തിന്റെ നട്ടെല്ല്.

cp-webdesk

null