ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ അഭിനയജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ചൊരു മികച്ച സിനിമ തന്നെ ആയിരിക്കണം എംടി രചനയും സംവിധാനവും നിർവ്വഹിച്ച ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയിലെ നായകവേഷം.
വൃദ്ധദമ്പതികളുടെ ജീവിതമാണ് ഈ സിനിമയുടെ ലോകം.എല്ലാവരുടെയും മനസും കണ്ണും നിറയ്ക്കുന്ന ഒരു പടം.
2000-ൽ ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്, തെലുഗ് എഴുത്തുകാരൻ ശ്രീരമണയുടെ കഥയെ ആസ്പദമാക്കിയാണ് എംടി തിരകഥ ഒരുക്കിയത്.
2000-ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചു. ഏതൊരു ജീവിതത്തിൻ്റെയും ക്ലൈമാക്സ് മരണമാണ്.

ഒരു ചെറുപുഞ്ചിരിയും അങ്ങനെതന്നെയാണ്. അതിസുന്ദരമായ ഒരു കുഞ്ഞ് ജീവിതത്തെ മരണം വന്ന് തൊടുന്നത് വരെ കഥാപാത്രങ്ങളൊടൊപ്പം നമ്മളും സഞ്ചരിക്കുന്നു. സിനിമയിൽ നമ്മൾ അഭിനയിക്കുകയോ അല്ലെങ്കിൽ സ്ക്രീനിൽ കാണുന്ന ജീവിതത്തിൽ നമ്മളും ജീവിക്കുകയോ ചെയ്യുന്നൊരു അപാരമായ ക്രാഫ്റ്റ് സാധ്യമാക്കുന്നുണ്ട് എംടി ഈ സിനിമയിൽ.
ഏറെ പ്രിയപ്പെട്ട മരിച്ച ഒരാളുടെ ഹൃദ്യമായ ഓർമ്മ വന്ന് തൊടുമ്പോൾ
‘ഒരു ചെറുപുഞ്ചിരി’ വിടരുന്നത് കാണിച്ചുതന്നുകൊണ്ട് അവസാനിക്കുന്ന സിനിമ , അതിൻ്റെ ടൈറ്റിലിനോട് നൂറ്റൊന്ന് ശതമാനം നീതി പുലർത്തുന്നു.
ആ പുഞ്ചിരിക്ക് പിന്നിൽ നഷ്ട്ടബോധത്തിൻ്റെ വേദനയെക്കാൾ , ഒന്നിച്ചുജീവിച്ച കാലത്തിനോടുള്ള ധന്യതയായിരുന്നു മുന്നിട്ടുനിന്നത്.
ഏറിയ പങ്കും ഒരു വീടും തൊടിയും മാത്രം കാണിച്ചു കൊണ്ട് , ഒരു ജീവിതം ഇത്ര ആഴത്തിൽ, ഇത്ര വ്യാപ്തിയിൽ വരച്ചു വെച്ചതിൻ്റെ രസതന്ത്രമെന്താണ് ……









