രാജാവു മുതൽ തെരുവുതെണ്ടിവരെ എല്ലാ വേഷങ്ങളിലും തിളങ്ങിയ തിക്കുറിശ്ശി സുകുമാരൻ നായർ മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്—കൈവെക്കാത്ത മേഖലകളില്ലാത്ത ഒരുഅപൂർവ്വ പ്രതിഭ. കലയുടെ എല്ലാ മുഖങ്ങളും തന്റെ സാന്നിധ്യത്താൽ സമ്പന്നമാക്കിയ തിക്കുറിശ്ശി, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത വ്യക്തിത്വമാണ്.

1916 ഒക്ടോബർ 16-ന് തെക്കൻ തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കന്യാകുമാരി ജില്ല) തിക്കുറിശ്ശിയിൽ മങ്കാട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ കവിതയിലും നാടകത്തിലും തൽപരനായിരുന്നു. 14-ആം വയസ്സിൽ ആദ്യമായി കവിത പ്രസിദ്ധീകരിക്കുകയും 20-ആം വയസ്സിൽ ‘കെടാവിളക്ക്’ എന്ന കവിതാസമാഹാരം പുറത്തിറക്കുകയും ചെയ്തു.
നാടകഭിനയത്തിലൂടെ ശ്രദ്ധേയനായ തിക്കുറിശ്ശി, 1950-ൽ ‘സ്ത്രീ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും 1951-ൽ പുറത്തിറങ്ങിയ ‘ജീവിതനൗക’ എന്ന ചിത്രം അദ്ദേഹത്തെ സിനിമാ ലോകത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി. മലയാള സിനിമയുടെ ആദ്യ സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തോടെ മലയാളിയുടെ നായകസങ്കൽപ്പം തന്നെ മാറ്റിമറിച്ചു. ഹിന്ദിയടക്കം നാലു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രത്തിലൂടെ തിക്കുറിശ്ശി മലയാള സിനിമയുടെ മുഖമുദ്രയായി.

തികഞ്ഞ കലാപരിണതിയുള്ള നടനെന്ന നിലയ്ക്ക് പ്രശസ്തനായ തിക്കുറിശ്ശി, ശിവാജി ഗണേശനും എം.ജി.ആറും അടങ്ങുന്ന തമിഴ് സിനിമാലോകത്തും തന്റേതായ സ്ഥാനം നേടി. ‘നീലക്കുയിൽ’, ‘നവലോകം’, ‘അമ്മ’, ‘വിശപ്പിന്റെ വിളി’, ‘സീത’, ‘ശരിയോ തെറ്റോ’, ‘ജീവിതയാത്ര’, ‘ഉർവശീഭാരതി’ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയത്തിനൊപ്പം തിരക്കഥാരചന, സംവിധാനം, ഗാനരചന—എല്ലാവകുപ്പുകളിലും തനിക്ക് ഒരു ശൈലി സൃഷ്ടിച്ച കലാകാരനായിരുന്നു. ‘കാർകൂന്തൽ കെട്ടിനെന്തിന് വാസനത്തൈലം…’ പോലുള്ള ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും നിലകൊള്ളുന്നു. 47 വർഷത്തോളം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 500-ലധികം സിനിമകളിൽ അഭിനയിച്ചു. 1972-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, 1973-ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം, 1993-ൽ ജെ.സി. ഡാനിയേൽ അവാർഡ് തുടങ്ങി 200-ലേറെ പുരസ്കാരങ്ങൾ നേടിയ തിക്കുറിശ്ശി, മലയാള സിനിമയുടെ കരുത്തുറ്റ അടിത്തറകളിൽ ഒന്നായി.

1997 മാർച്ച് 11-ന് 80-ആം വയസ്സിൽ തിക്കുറിശ്ശി സുകുമാരൻ നായർ മലയാള സിനിമയോടും ജീവിതത്തോടും വിടപറഞ്ഞു. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ ഇടം ഇന്നും അനശ്വരമാണ്.