മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 23 march 1929 – 16 ജനുവരി 1989)[1]. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ[2]. അനശ്വരനായ സത്യനുശേഷം മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാളചലച്ചിത്ര താരരാജാവായി അദ്ദേഹം നിലനിന്നു.
ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റചിത്രം കൂടിയായിരുന്ന ത്യാഗസീമ പക്ഷേ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.
മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു.
542 മലയാളം സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും[4][5]130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും[6][7] രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.[8] 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.