നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ച് പറഞ്ഞാൽ മലയാളികൾ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയുമായി വീടിൻ്റെ ഉമ്മറത്ത് പോയിരുന്ന് പത്രം വായിക്കുന്ന ശീലക്കാരാണ് മിക്കവരും. ആ ഒരു ദിവസത്തിൻ്റെ തുടക്കം പത്രത്തിൽ നിന്നും തുടങ്ങുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്.പക്ഷെ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഈ ഒരു സുഖം കുറഞ്ഞ് വന്നിട്ടുണ്ട്.എങ്കിലും പത്രം വായിക്കുന്നവരാണെങ്കിൽ പോലും ഈ ഒരു നിറങ്ങൾ ശ്രദ്ധിച്ചു കാണില്ലായിരിക്കും അല്ലെ..
4 നിറത്തിലുള്ള ചെറിയ വട്ടങ്ങൾ പത്രത്തിലെ എല്ലാ പേജിലും അടിയിലായി നമുക്ക് കാണാവുന്നതാണ്.ഈ ഒരു വർണാഭമായ വട്ടങ്ങൾക്ക് ചില അർത്ഥങ്ങളൊക്കെയുണ്ട്.പ്രിൻ്റിംഗ് ഘട്ടത്തിൽ ശരിയായ കളർ പാറ്റേൺ ഉറപ്പാക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
അച്ചടി പ്രക്രിയയിൽ നിറങ്ങൾ ശരിയായ രീതിയിൽ വിന്യസിക്കുന്നത് അത്യന്തം നിർണായകമാണ്. ഇതിന് ഉപയോഗിക്കുന്ന മാർക്കറുകളാണ് പത്രങ്ങളിൽ നമ്മൾ കാണുന്ന ഈ വർണ്ണ ചിഹ്നങ്ങൾ. പ്രാഥമിക നിറങ്ങളായ ചുവപ്പ്, മഞ്ഞ, നീല എന്നിവയുടെ സംയോജനം പുതിയ നിറങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു എന്നത് വിദ്യാർത്ഥിയായി പഠന സമയത്ത് നമ്മൾ കേട്ടതാണ്.
എന്നാൽ അച്ചടി സാങ്കേതികവിദ്യയിൽ, ഈ മൂന്നു പ്രാഥമിക നിറങ്ങളോടൊപ്പം കറുപ്പ് നിറം ചേർത്താണ് വർണ്ണാഭമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. സിഎംവൈകെ എന്നാ വർണ്ണ മോഡലാണ് ഇത് നിർവഹിക്കുന്നത്. ‘സി’ സിയാൻ (നീല), ‘എം’ മജന്റ (പിങ്ക്), ‘വൈ’ മഞ്ഞ, ‘കെ’ കറുപ്പ് എന്നിവയെ പ്രതിനിധീകരിക്കുന്നു.
ഇത്തരമൊരു മോഡൽ ഉപയോഗിച്ച് പത്രങ്ങളിലെ ചിത്രങ്ങളും തലക്കെട്ടുകളും വൈവിധ്യമാർന്ന നിറങ്ങളുമായി പ്രദർശിപ്പിക്കുന്നു. നാല് നിറങ്ങൾ ഓരോന്നിനും പ്രത്യേകം പ്ലേറ്റുകൾ ഉണ്ടാക്കി അച്ചടിക്കുന്ന രീതിയാണ് ഇവ ഉപയോഗിക്കുന്നത്. ഓരോ പ്ലേറ്റും ശരിയായ രീതിയിൽ വിന്യസിക്കപ്പെടുമ്പോഴാണ് നല്ല ശക്തമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്നത്. പ്ലേറ്റുകളുടെ വിന്യാസത്തിൽ ചെറിയൊരു പിശകുണ്ടായാൽ പത്രത്തിൽ എത്തുന്ന ചിത്രം മങ്ങിയതോ തെറ്റായതോ ആയിരിക്കാം.
പത്രങ്ങളിലല്ല, പുസ്തകങ്ങൾ, മാസികകൾ എന്നിവയിൽ പോലും സിഎംവൈകെ കളർ മോഡലാണ് ഇന്നും ഉപയോഗിക്കുന്നത്. 1906-ൽ ഈഗിൾ പ്രിന്റിംഗ് കമ്പനി സിഎംവൈകെ കളർ മോഡൽ ആദ്യമായി അവതരിപ്പിച്ചതാണ്. പിന്നീട്, അച്ചടി വ്യവസായത്തിന്റെ സ്ഥിരം രീതിയായി ഇത് മാറി.
സിഎംവൈകെ മോഡൽ അച്ചടി ലോകത്ത് മാറ്റങ്ങളുണർത്തിയ കഥ പറയുമ്പോൾ, അച്ചടി സാങ്കേതികവിദ്യയുടെ തനിമയും അതിന്റെ വൈവിധ്യങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നു. സൂക്ഷ്മതയും തികഞ്ഞ കൃത്യതയും അടക്കം അച്ചടി മേഖലയിൽ വർണ്ണസൃഷ്ടി നടത്തുന്ന ഈ പ്രക്രിയയിലൂടെ മനുഷ്യന്റെ സൃഷ്ടിവാസന കുത്തൊഴുക്കായി മുന്നേറുന്നു.