മലയള സിനിമാ നാടക രംഗങ്ങളിൽ സ്വഭാവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു കുഞ്ഞാണ്ടി (1919–2002). നാടകനടനെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്. ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2002 ജനവരി ആറ് ഞായറാഴ്ച കോഴിക്കോടിനടുത്തുള്ള കുതിരവട്ടത്തെ വീട്ടിൽ വെച്ച് എൺപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു
കോഴിക്കോട് ജനിച്ച കുഞ്ഞാണ്ടി കോട്ടൂളിയിലെ ഒരു എഴുത്തു പള്ളിയിൽ പഠനം തുടങ്ങി. കുതിരവട്ടം യു പി, പുതിയറ സഭ സ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ഇതിനിടയിൽ ഭാഗവതർ കൃഷ്ണപ്പണിക്കരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സിൽ അല്ലി അർജുന എന്ന നാടകത്തിൽ ബാലനടനായി അരങ്ങേറ്റം കുറിച്ചു. 1937ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940ൽ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടൻ ആയി. തുടർന്നു് എണ്ണൂറോളം നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു. 1962ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.1970-80 കാലങ്ങളിൽ അദ്ദേഹം സിനിമയിൽ സജ്ജീവമയിരുന്നു .1972ലെ സംഗീത നാടക അക്കാദമി അവാർഡ്, 1993ലെ പുഷ്പശ്രീ ട്രസ്റ് അവാർഡ്, 1977ൽ കേരള സംഗീത അക്കാദമി ഫെലോഷിപ്പ്, 1999ൽ രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വർഷത്തോളം മാതൃഭൂമി പ്രസ്സിൽ ജോലി നോക്കിയിരുന്നു. അഞ്ച് മക്കളുണ്ട്