മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലത എന്ന അഭിനേത്രി. കോമഡി കലർന്ന കഥാപാത്രങ്ങളിലൂടെ നമ്മളെ ഏറെ ചിരിപ്പിച്ച അവർ പ്രാന്തന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളുകൂടി ആയിരുന്നു. 350 ഓളം സിനിമകളിലും ഒട്ടേറെ സീരിയലുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിന്നിരുന്ന ആ മുഖം ഇന്നലെ ഈ ലോകത്തോട് വിട പറയുമ്പോൾ പ്രാന്തന്റെ മനസിലൂടെ കടന്നു പോയത് അവർ അവതരിപ്പിച്ച് അനശ്വരമാക്കിയ അനവധി കഥാപത്രങ്ങളായിരുന്നു.
കോമഡി വേഷങ്ങളോടൊപ്പം തന്നെ തേടിയെത്തുന്ന ഏതൊരു തരം വേഷങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു കൊണ്ടു 90 കളിൽ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് ഒഴുകി കൊണ്ടിരുന്ന നടിയായിരുന്നു കനകലത. എന്നിരുന്നാലും വേലക്കാരി , അയൽക്കാരി , പെങ്ങൾ, നാത്തൂൻ തുടങ്ങി മധ്യവർഗ മലയാളായി സ്ത്രീകളുടെ പ്രതിനിധി ആയ വേഷങ്ങളിലൂടെ ആണ് നമ്മൾ കനകലതയെ കൂടുതൽ കണ്ടിട്ടുണ്ടാവുക. അത് അവർ ഏറ്റവും മനോഹരമായി തന്നെ അവതരിപ്പിക്കാറുമുണ്ട്. നാടകം നൽകിയ അഭിനയ കരുത്ത് അവരെ ഏതു വേഷവും അനായാസം അവതരിപ്പിക്കാൻ പ്രാപ്തയാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവരിലേക്ക് എത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. മലയാളത്തിലെ സംവിധായകരും എഴുത്തുകാരും അവരെ വ്യത്യസ്ഥമായ വേഷങ്ങളിലേക്ക് വേണ്ടാംവിധം പരിഗണിച്ചില്ല എന്നതും സത്യമാണ്.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് കനകലതയുടെ ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി. 1980-ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. പിന്നടങ്ങോട്ട്.. കരിയിലക്കാറ്റ് പോലെ, രാജാവിൻ്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എൻ്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നുതുടങ്ങി ഏകദേശം 360 സിനിമകൾ അതിൽ 30 എണ്ണം തമിഴിലും. 2023 ഏപ്രിൽ 8ന് റിലീസായ പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ അവസാന സിനിമ.
വര്‍ഷങ്ങളായുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവര്‍ അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മറവിരോഗമായ അൽഷിമേഴ്സ് ആയിരുന്നു കനകലതയെ ബാധിച്ചിരുന്ന രോഗം. എന്നാലും നിലനിൽപ്പിനായി ചെറിയ ചെറിയ റോളുകള്‍ ചെയ്തു വന്നിരുന്നു. അങ്ങനെയാണ് പൂക്കാലം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതും. ‘അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടായിരുന്നു അസുഖ നാളുകളെ അവർ തരണം ചെയ്തിരുന്നത്.
അവസാന കാലത്ത് സ്വന്തം പേര് പോലും ഓർമിക്കുവാൻ ആകാതെ പോയ അവർ ഇന്ന് നമ്മുടെയും ഓർമ്മകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്, നമ്മുടെയൊക്കെ ഒരിക്കലും മായാത്ത ഓർമകളിൽ ജീവിക്കട്ടെ