ഫീൽ ഗുഡ് സിനിമ ഒരുക്കാൻ തുർക്കിഷ് സംവിധായകർക്ക് എന്തോ പ്രേത്യേക കഴിവുണ്ടെന്ന് തോന്നുന്നു. അത്രെയേറെ മനസ് നിറക്കുന്ന മനോഹര സൃഷ്ട്ടികൾ ആണ് അവരിൽ നിന്നും കൂടുതലും കണ്ടിട്ടുള്ളത്. ‘ഫാമിലി ഡ്രാമ’ ബേസിക് തീമിൽ നിന്നുകൊണ്ട് മാനുഷിക വികാരങ്ങള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അവർ ഉണ്ടാക്കിയെടുക്കുന്ന സിനിമകൾക്ക് ദേശമോ ഭാഷയോ ഒന്നും ഒരിക്കലും വിലങ്ങു തടിയാവാറില്ല.. അങ്ങനെ ഭാഷാതീതമായി പ്രാന്തന്റെ മനസിനെ വല്ലാതെ സ്പർശിച്ച ഒരു ചിത്രമാണ് 2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ‘മൈ ഫാദർ ആൻഡ് മൈ സൺ ‘
പേര് പോലെ ഒരു അച്ഛന്റെയും മകന്റെയും കൊച്ചു മകന്റെയും ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് മൈ ഫാദർ ആൻഡ് മൈ സൺ. അച്ഛനുമായുള്ള ആശയ ഭിന്നതകള്‍ കാരണം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന മകന്റെ ജീവിതത്തിലൂടെ ആണ് ചിത്രം കടന്നുപോകുന്നത്.
കുടുംബപരമായുള്ള ഫാം നോക്കി നടത്താൻ തന്റെ മകൻ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് പഠിക്കണമെന്നുള്ള പിതാവിന്റെ ആഗ്രഹത്തിന് വിപരീതമായി ഇസ്താംബുൾ സർവ്വകലാശാലയിൽ ജേണലിസം പഠിക്കുന്നതിനായി ചേരുന്നത്തോടെ ആണ് സാദിക്ക് വീട്ടിൽ നിന്നും പുറത്താകുന്നത്. എന്നാൽ വര്ഷങ്ങള്ക്കു ശേഷം ആറു വയസുള്ള അയാളുടെ മകന്‍ ഡെനിസുമായി തിരികെ വീട്ടിലേക്ക് വരുന്നതും സാദിക്കനെയും മകനെയും അയാളുടെ വീട്ടുകാർ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നാണ് ചിത്രം കാണിച്ചു തരുന്നത്, ചിത്രത്തിന്റെ മർമ്മ പ്രധാന ഭാഗവും അത് തന്നെ ആണ്. സാദിക്ക് നാട്ടിലെത്തിയ ശേഷമുള്ള രംഗങ്ങളെല്ലാം ഏറെ രസകരമായും ഹൃദ്യവുമായുമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക.
പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍, അവരുടെ ജീവിതം, കുടുംബ ബന്ധങ്ങള്‍, സംഘര്‍ഷങ്ങള്‍, സ്നേഹ നിമിഷങ്ങൾ ഇവയെല്ലാം ആണ് സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്. ഒപ്പം മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിച്ചോതുകയും ചിന്തഗതികളിലെ വ്യക്ത്യാധിഷ്ഠിത വൈരുദ്ധ്യങ്ങൾ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും വരച്ചു കാട്ടുന്നുന്നുണ്ട് ചിത്രം. മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിച്ചോതുന്ന നന്മയുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന ചിത്രമാണ് മൈ ഫാദർ ആൻഡ് മൈ സൺ.
2005 നവംബർ 18 ന് രാജ്യവ്യാപകമായി റിലീസ് ചെയ്ത ഈ ചിത്രം ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടർക്കിഷ് ചിത്രങ്ങളിലൊന്നായി മാറി.