Cinemapranthan

അധികമാരാലും പരാമർശിക്കപ്പെടാതെ പോയൊരു ദിനം; മലയാളികളുടെ പ്രിയനടി ‘മോനിഷ’യുടെ മുപ്പത്തിയൊന്നാം ഓർമ്മ ദിനം

null

മലയാളികളുടെ പ്രിയനടി മോനിഷയുടെ മുപ്പത്തിയൊന്നാം ഓർമദിനമായിരുന്നു കഴിഞ്ഞ ദിവസം.. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്

മലയാളിത്തം തുളുമ്പുന്ന മുഖ സൗന്ദര്യം കൊണ്ടും സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും മലയാളി മനസിലെ നായികാ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ നടി, മോനിഷ ജീവനേകിയ കഥാപാത്രങ്ങൾ മലയാളിയുടെ ഉള്ളിൽ ഇന്നും ചിരിതൂകി നിൽക്കുന്നുണ്ട്. ശോഭന, കാര്‍ത്തിക, ഗീത, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്‌കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി. എം ടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ ആയിരുന്നു മോനിഷയുടെ ആദ്യ ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് കരസ്ഥമാക്കുമ്പോൾ മോനിഷക്ക് പ്രായം വെറും പതിനാല് വയസ് മാത്രമാണ്

നഖക്ഷതങ്ങള്‍ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങള്‍ക്ക് പിന്നീട് മോനിഷയ്ക്ക് തുണയായ്. എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്‍, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ അഭിനയിച്ചു.. കൂടാതെ കമലദളം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, അധിപന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വേഷമിട്ടു. കേവലം ആറുവർഷം മാത്രം ആണ് മോനിഷയെ മലയാളിക്ക് കാണാനായത്

1992 ഡിസംബർ 5 ആം തിയതി മോനിഷയും അമ്മയും ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ ചേർത്തലയിൽ വെച്ച് അപകടത്തിൽപ്പെടുകയും, സംഭവസ്ഥലത്ത് വച്ച് തന്നെ തലച്ചോറിനേറ്റ പരിക്ക് മൂലം മോനിഷ മരണപ്പെടുകയായിരുന്നു. അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടു.

cp-webdesk

null