കെ ജി ജോർജ് അല്ലെങ്കിൽ കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്, എല്ലാ സ്വപ്നങ്ങളെയും സിനിമയാക്കാം എന്ന് തെളിയിച്ച ഒരു കാലഘട്ടത്തിൻറെ ഓർമ്മയ്ക്കായി ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം സംവിധായകൻ.. 1946 ൽ തിരുവല്ലയിൽ സാമുവൽ അന്നമ്മ ദമ്പതികളുടെ മകനായി കെ ജി ജോർജ് ജനിച്ചു. ചെറുപ്പക്കാലം മുതൽക്കേ അദ്ദേഹത്തിന് സിനിമയോടുള്ള അഭിനിവേശം ചെറുതൊന്നുമല്ലായിരുന്നു. സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന കുടുംബത്തിൽ വളർന്നതുകൊണ്ട് തന്നെ സിനിമകൾ കാണാനുള്ള പണത്തിനായി ചെറുപ്രായത്തിലെ അദ്ദേഹം ചെറിയ ജോലികൾ ചെയ്തു. ബിരുദാനന്തര ബിരുദത്തിനു ശേഷം തന്റെ സിനിമ എന്ന ലക്ഷ്യത്തിലേക്കായി പൂനയിലേക്ക് വണ്ടികയറി. അവിടെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഫിലിം മേക്കിങ്ങിൽ കോഴ്സ് പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തിയ ജോർജ് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാമു കാര്യാട്ടിന്റെ സഹായിയായി തൻറെ സിനിമ ജീവിതം അവിടെ ആരംഭിക്കുകയും 1972 ൽ പുറത്തിറങ്ങിയ ‘ മായ’ എന്ന സിനിമയിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് 1974′ ൽ നെല്ല് ‘ എന്ന ചിത്രത്തിന് തിരക്കഥ എഴുതി സിനിമ വ്യവസായത്തിൽ കെജി ജോർജ് തൻറെ പേര് രേഖപ്പെടുത്തി. ചിത്രം വലിയ വിജയം ആവുകയും അസാധാരണമായ രചനക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു
സൈക്യാട്രിസ്റ്റ് സൈക്കോ മുഹമ്മദ് എഴുതിയ കഥയെ അടിസ്ഥാനം ആക്കി തിരക്കഥ എഴുതിയ ‘ സ്വപ്നാടനം’, എന്ന ചിത്രത്തിലാണ് 1976 ൽ ഒരു സംവിധായകന്റെ തൊപ്പി ആദ്യമായി അദ്ദേഹം അണിയുന്നത്. മലയാളം ഇൻഡസ്ട്രിയൽ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ യഥാർത്ഥ മനശാസ്ത്ര നാടകമായ ‘സ്വപ്നാടനം’ പ്രേക്ഷകർക്ക് പരിചിതമായ പരമ്പരാഗത സിനിമകളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെയും ആഘാതങ്ങളെയും പര്യവേഷണം ചെയ്യുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മാസ്റ്റർപീസ് സൃഷ്ടിച്ചു.
റാണിചന്ദ്ര, ഡോ. മോഹൻ ദാസ്, സോമൻ, മല്ലിക സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ‘ സ്വപ്നാടനം ‘ മികച്ച ചിത്രത്തിലുള്ള കേരള സംസ്ഥാന അവാർഡും ,മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും നേടി.
1978 ൽ വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ ,മണ്ണ് എന്നിങ്ങനെ അഞ്ചു ചിത്രങ്ങൾ ജോർജ് സംവിധാനം ചെയ്തു. പി പത്മരാജൻ തിരക്കഥ എഴുതിയ ‘രാപ്പാടികളുടെ ഗാഥ ‘ ജനപ്രിയവും സൗന്ദര്യത്മകവുമായ മൂല്യമുള്ള മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. എന്നാൽ ചിത്രത്തിൻറെ എല്ലാം പ്രിന്റുകളും നഷ്ടപ്പെട്ടു. പിന്നീട് 1979 ൽ കെ ജി ജോർജ് ‘ഉൾക്കടൽ ‘ എന്ന മ്യൂസിക്കൽ റൊമാൻറിക് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഒരു പുരുഷനും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്ന പ്രണയകഥയാണ് ഉൾക്കടൽ. നല്ലതും ചീത്തയുമായ പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയാണ് ചിത്രം ചെയ്യുന്നത്.
1980ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിൻറെ ചിത്രം ആയിരുന്നു ‘മേള’. ചിത്രത്തിൽ ഉയരം കുറഞ്ഞ ഒരു സർക്കസ് ജോക്കറിന്റെ കഥയിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഭിന്നശേഷിയുള്ളവരെ പാർശ്വവൽക്കരിക്കാനുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയിൽ രഘു എന്ന ഉയരം കുറഞ്ഞ നടനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കേവലം ഒരു സഹതാപത്തിന് പകരം സ്നേഹം സമ്പാദിക്കാനുള്ള ഭിന്നശേഷിക്കാരുടെ ശ്രമങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
1981 ൽ പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ് ‘എന്ന കഥയുടെ ആവിഷ്കാരമായ ‘കോലങ്ങൾ ‘എന്ന ചിത്രത്തിലൂടെ ജോർജ് മലയാള സിനിമയുടെ മാനദണ്ഡങ്ങൾ പൊളിച്ചടുക്കി. 1982 മുതൽ 1985 വരെയുള്ള വർഷങ്ങളിൽ കെജി ജോർജ് ശ്രദ്ധേയമായ ഒട്ടനവധി സിനിമകൾ നിർമ്മിച്ചു. 1982 ൽ ഭരത് ഗോപി, തിലകൻ, മമ്മൂട്ടി, ജലജ, നെടുമുടി വേണു, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ തുടങ്ങിയ മികച്ച താരനിരയെ അണിനിരത്തിയ മിസ്റ്ററി ത്രില്ലറാണ് യവനിക. ഒരു തബലിസ്റ്റിന്റെ ദുരൂഹമായ തിരോധാനവും തുടർന്നുള്ള അപ്രതീക്ഷിതമായ വെല്ലുവിളികളിൽ പോരാടുന്ന ഒരു നാടക സംഘത്തിൻറെ കഥയുമാണ് സിനിമ പറഞ്ഞുവെക്കുന്നത്. 1983ല്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ‘ എന്ന ചിത്രം ദക്ഷിണേന്ത്യയിൽ ഉടനീളം ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ സൃഷ്ടിച്ചു. സിനിമ വ്യവസായത്തിന്റെ ചതിക്കുഴികളിലേക്കും അവിടെ സ്ത്രീകളോടുള്ള പെരുമാറ്റത്തിലേക്കുമാണ് ചിത്രം ആഴ്‌ന്നിറങ്ങുന്നത്.
1984 ൽ പുറത്തിറങ്ങിയ രാജ്യത്തെ ഏറ്റവും സ്വാധീനം സൃഷ്ടിച്ച സ്ത്രീപക്ഷ സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ‘ആദാമിൻറെ വരിയെല്ലിൽ ‘വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള മൂന്നു സ്ത്രീകളുടെ ജീവിതത്തെയാണ് കാണിക്കുന്നത്.
ഗാർഹിക പീഡനം, പുരുഷാധിപത്യ സമൂഹം എന്നിവയെല്ലാം സിനിമ ചർച്ചചെയ്യുന്നു. 1984 മലയാള സിനിമയ്ക്ക് ‘പഞ്ചവടി പാലം ‘എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ജോർജ് സമ്മാനിച്ചു. 1980കളിലെ രാഷ്ട്രീയ ഭൂപ്രകൃതിയിലേക്ക് പുരാണ കഥാപാത്രങ്ങളെ കലാപരമായി ഇഴ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മറുവശത്ത് അദ്ദേഹത്തിൻറെ മറ്റൊരു സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’ 1985ൽ പുറത്തിറങ്ങി. അടിയന്തരാവസ്ഥയുടെ അനന്തരഫലങ്ങളെ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഗണേഷ് കുമാർ, ശ്രീവിദ്യ ,തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1987 ൽ പുറത്തിറങ്ങിയ’ കഥയ്ക്ക് പിന്നിൽ’ ,1988ലെ’ മറ്റൊരാൾ ‘,1989 ൽ മുരളി ,എംജി സോമൻ എന്നിവർ അഭിനയിച്ച ‘യാത്രയുടെ അന്ത്യം’ എന്ന ടെലിവിഷൻ സിനിമ 1990 ൽ അദ്ദേഹം സംവിധാനം ചെയ്ത ‘ഈ കണ്ണി കൂടി ‘എന്നീ ചിത്രങ്ങൾ എല്ലാം അദ്ദേഹത്തിൻറെ സിനിമാ ജീവിതത്തിൽ എടുത്തുപറയേണ്ടവ തന്നെയാണ്.. 1998ൽ ‘ഇളവംകോട് ദേശം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്നെ സംവിധായക ജീവിതം അവസാനിപ്പിച്ചത് .24 വർഷം നീണ്ടുനിന്ന തൻറെ കരിയറിൽ അദ്ദേഹം 9 സ്റ്റേറ്റ് അവാർഡ്, 2015 ൽ സിനിമയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനയ്ക്കുള്ള ജെയ്സി ഡാനിയൽ അവാർഡ് എന്നിവ നേടി.
മലയാള സിനി ടെക്നീഷ്യൻസ് അസോസിയേഷൻ സ്ഥാപക ചെയർമാനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ തലവനുമായി അദ്ദേഹം പ്രവർത്തിച്ചു. സിനിമയുള്ള കാലത്തോളം ഒരു യുഗത്തിന്റെ, പുതിയ പരീക്ഷണങ്ങളുടെ അടയാളപ്പെടുത്തലായി കെ ജി ജോർജ് എന്ന സിനിമകാരൻ മലയാള മനസ്സിൽ എന്നും ഓർമിപ്പിക്കപ്പെടും.