Cinemapranthan

അതിരുകളില്ലാത്ത സ്വപ്നങ്ങളിലേക്ക് കുഞ്ഞുങ്ങൾ പറക്കട്ടെ; ശ്രദ്ധേയമായി സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ ‘ഫ്ലയിങ് സോ ഹൈ’

സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും തരംഗമാവാറുണ്ട് സാന്ദ്രയുടെ തങ്കക്കൊലുസുകൾ

‘ഉയരെ.. ഉയരെ.. പറന്ന്..പറന്ന്.. ഉമ്മിണിതങ്കയും ഉമ്മുകൊലുസും.. പറക്കാൻ ചിറകുകൾ നൽകി ഉയരങ്ങളിലേക്ക് സ്വതന്ത്രമാക്കുകയാണ് സാന്ദ്ര തന്റെ കുഞ്ഞുങ്ങളെ.. അതെ.. അവർ പറക്കട്ടെ.. ചുറ്റിലും പ്രകാശം പരത്തി, ചിറകുകൾ വിരിച്ച്, അവരുടെ സ്വപ്നങ്ങളിലേക്ക്, പ്രതീക്ഷകളിലേക്ക് ഉയർന്നു പറക്കട്ടെ..’

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കൾ അഭിനയിച്ച ‘ഫ്ലയിങ് സോ ഹൈ’ എന്ന മ്യൂസിക്കൽ ആൽബം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും തരംഗമാവാറുണ്ട് സാന്ദ്രയുടെ തങ്കക്കൊലുസുകൾ. ഏറ്റവുമൊടുവിലായി എത്തിയ ഈ സംഗീത ആൽബവും പതിവ് തെറ്റിച്ചിട്ടില്ല.

പരിമിതികൾക്കുള്ളിൽ പിടിച്ചു നിർത്താതെ അതിർവരമ്പുകൾ ഇല്ലാത്ത ആകാശം കാട്ടി കൊടുത്ത് കുഞ്ഞുങ്ങളെ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എത്തിപ്പിടിക്കാനും, കെട്ടുപാടുകൾ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാനും അനുവദിക്കുകയാണ് ‘ഫ്ലയിങ് സോ ഹൈ’. സ്വാതന്ത്ര്യത്തിനും തുല്യതക്കുമൊപ്പം സ്വന്തം ഇഷ്ടത്തിന് ജീവിതം തിരഞ്ഞെടുക്കാൻ, തീരുമാനങ്ങൾ എടുക്കാൻ എല്ലാത്തിനുമപ്പുറം ജീവിതത്തെ സ്നേഹിക്കാനും, ഓരോ നിമിഷങ്ങളും അവസാനമില്ലാതെ ആസ്വദിക്കാനും, പരസ്പരം അറിയാനും ‘ഫ്ലയിങ് സോ ഹൈ’ കാണിച്ചു തരുന്നു.

മണ്ണറിഞ്ഞും മരം തൊട്ടും പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും കുട്ടികൾ വളരണം. സാന്ദ്ര തന്റെ തങ്കക്കൊലുസുകളിലൂടെ ഒരിക്കൽ കൂടി നമ്മളെ അത് ഓർമ്മിപ്പിക്കുകയാണ്. കുഞ്ഞു പ്രതീക്ഷകൾക്ക് മേൽ നമ്മുടെ അമിത പ്രതീക്ഷകളുടെ ഭാരമൊന്നും അടിച്ചേല്പിക്കാതെ അവരെ സ്വതന്ത്രമായി വിടുക.. അവർ സ്വയം അവരുടെ ജീവിതം തിരഞ്ഞടുക്കട്ടെ.. അവരിലൂടെ ലോകം വിശാലമാകട്ടെ.. നമുക്കും അവരെ പിന്തുടരാം.. അതിർത്തികൾ ഭേദിക്കുന്ന മാനവികത കെട്ടിപ്പടുക്കാം.. കുഞ്ഞുങ്ങൾ പറക്കട്ടെ.. ഉയരെ.. ‘ഫ്ലയിങ് സോ ഹൈ’ അതാണ്..

രഞ്ജിത് ആർ നായർ ആണ് ‘ഫ്ലയിങ് സോ ഹൈ’യുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആര്യ ജനാർദ്ദനന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനൂപ് നിരിചൻ ആണ്. ദേവിക ദീപക് ദേവ് ആണ് ‘ഫ്ലയിങ് സോ ഹൈ’ ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ആർ നായർ തന്നെയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ഫഹദ് ഫാറ്റിലി ആണ് ‘ഫ്ലയിങ് സോ ഹൈ’യിലെ മനോഹരമായ ഫ്രെയിമുകൾ പകർത്തിയിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ വിൽ‌സൺ തോമസ്, സാന്ദ്ര തോമസ് എന്നിവരാണ് മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

cinema pranthan