Cinemapranthan

ആവേശങ്ങൾക്ക് ആക്കം കൂട്ടി ‘മരക്കാർ’; ട്രെയിലർ പുറത്തിറങ്ങി

ഡിസംബർ രണ്ടിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

ആവേശങ്ങൾക്ക് ആക്കം കൂട്ടി മരക്കാർ ട്രെയ്‌ലർ എത്തി. പ്രേക്ഷകരുടെ ആകാംഷകൾക്ക് പ്രതീക്ഷ കൂട്ടിയെത്തിയ ട്രെയിലർ ആരാധകരെ വിസ്മയിപ്പിക്കുമെന്നു ഉറപ്പാണ്. ഡിസംബർ രണ്ടിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും പ്രദർശനത്തിന് എത്തുമെന്ന് ആണ് സൂചന. അറുന്നൂറോളം സ്‌ക്രീനുകള്‍ ഇതിനോടകം ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘മരക്കാർ’ നൂറുകോടി മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒരു ഇമോഷണൽ ത്രില്ലർ ആണെന്ന് മോഹൻലാൽ’ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ‘രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത് എന്നും തന്റെയും പ്രിയദർശന്റെയും സ്വപ്നമാണ് ‘കുഞ്ഞാലിമരക്കാർ’, തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് കപ്പലുകൾ ആണ് ഇതിനായി നിർമ്മിച്ചത്.

മേക്കിങ്ങിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന് എന്ന് പറഞ്ഞ മോഹൻലാൽ, വെള്ളത്തിൽ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് കൂട്ടിച്ചേർത്തു. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ചെയ്തിരുന്നത്. വി എഫ് എക്സിന് വേണ്ടി ഒരു വർഷമാണ് പറഞ്ഞതെന്നും പെർഫെക്‌ഷനു വേണ്ടി മാക്സിമം ട്രൈ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. സാബു സിറിലാണ് കലാ സംവിധായകൻ. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അതെ സമയം ‘മരക്കാർ’ ഐഎംഡിബി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. പട്ടികയിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും എന്ന വിഭാഗത്തിലാണ് മരക്കാര്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രാജമൗലി ചിത്രം ‘ആർ ആർ ആർ’നെ പിന്തള്ളിയാണ് ചിത്രം ആദ്യ സ്ഥാനത്ത് എത്തിയത്.

cinema pranthan