Cinemapranthan

സോണി ലൈവിലൂടെ എത്തുന്ന ആദ്യ മലയാള ചിത്രം: ശ്രദ്ധേയമായി ‘കാണെക്കാണെ’ ട്രെയിലർ

സെപ്റ്റംബർ 17ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യുടെ ട്രെയിലർ പുറത്തിറങ്ങി. സോണി ലൈവിലൂടെ പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘കാണെ കാണെ’. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന്​ മുന്നോടിയായി ചിത്രത്തിന്റെ ടീസർ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

സെപ്റ്റംബർ 17ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന പുതിയ ചിത്രമാണിത്. ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, അലോഖ്, ബിനു പപ്പു, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ്​ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്. ആൽബി ആന്റണിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഭിലാഷ് ബാലചന്ദ്രനാണ് കാണെക്കാണെയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്.

ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം വീണ്ടുമെത്തുമ്പോൾ ആരാധകരിൽ പ്രതീക്ഷകളും ഏറുകയാണ്.

cp-webdesk